കാക്കനാട്: കാക്കനാട് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിന് ക്രിസ്തുമസ് -പുതുവത്സര സമ്മാനമായി ജില്ലാ ഭരണകൂടം ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മ്മിച്ചു നല്‍കി. ചില്‍ഡ്രന്‍സ് ഹോം വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കോര്‍ട്ട് കുട്ടികള്‍ക്ക് സമര്‍പ്പിച്ചു.
സതര്‍ലന്റ് ഗ്ലോബല്‍ സര്‍വീസസ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് കോര്‍ട്ട് നിര്‍മ്മിച്ചത്. രണ്ടര ലക്ഷം രൂപ വിനിയോഗിച്ചാണ് 1080 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ 73 കുട്ടികളാണ് സ്ഥാപനത്തിലുള്ളത്. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതു പ്രകാരം ഇവര്‍ക്ക് സതര്‍ലന്റ് ജീവനക്കാര്‍ ബാഡ്മിന്റണ്‍ പരിശീലനം നല്‍കും.
ജില്ലാ ശിശുസംരക്ഷണ സമിതി ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍, സതര്‍ലന്റ് ഗ്ലോബല്‍ സര്‍വ്വീസസ് ലിമിറ്റഡ് സൈറ്റ് ഹെഡ് പിങ്കി തല്‍റെജ, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഡിഫ്‌ന ഡിക്രൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.