സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി വിജയോത്സവവും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നടപ്പാക്കുന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്നും വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി സാക്ഷരത മിഷന്റെ സ്മാർട്ട് കോഴ്സിൽ വനിതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

ജില്ലയിൽ നടത്തിയ ഗൂഗിൾ ഷീറ്റ് സർവേയിലൂടെ 4314 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഇവരിൽ 3633 പേർ മികവുത്സവത്തിൽ പങ്കെടുത്ത് വിജയിച്ചു. പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് ജില്ലാ സാക്ഷരത മിഷൻ മുഖേനെ തുടർ വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും കൽപറ്റ നഗരസഭ രണ്ടാം സ്ഥാനവും പനമരം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

എൻ.ഐ.എൽ.പി സർവേയിലൂടെ 50 ലേറെ നിരക്ഷരരെ രജിസ്റ്റർ ചെയ്ത വോളണ്ടറി ടീച്ചർമാരായ ഇ. ശ്രീലത, കെ.ജി വിജയകുമാരി, പി.വി അനിത, എസ്. ഷിജിന, പി.സി. നിഷ, കെ.എം ശരണ്യ, സുസിലി ചന്ദ്രൻ, പി.വി ജോസി, കെ.വി ശ്യാമള, കെ.പി ഹഫ്‌സത്ത് എന്നിവരെയും മുതിർന്ന സാക്ഷരത പഠിതാക്കളായ കാളി (70), കുങ്കി (60) എന്നിവരെയും പരിപാടിയിൽ ആദരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി 27 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രേരക് കെ. ശ്യാമള, പഠിതാക്കൾക്കിടയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സുസിലി ചന്ദ്രൻ, ഏറ്റവും കൂടുതൽ പഠിതാക്കളെ പരീക്ഷ എഴുതിപ്പിച്ച റിസോഴ്‌സ് പേഴ്സൺ പി.സി. നിഷ, ജില്ലാ പഞ്ചായത്ത് ഡിഗ്രി പഠന പദ്ധതി ലീഡർ എസ്. ഷിജിന എന്നിവരെയും ആദരിച്ചു.
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം എസ്.കെ.എം.ജെ തുല്യത പഠനകേന്ദ്രത്തിന് ലഭിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. സുനിൽ കുമാർ, കെ. ആർ ജിതിൻ, ബീന വിജയൻ,കമല രാമൻ, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ പി. പ്രശാന്ത്‌ കുമാർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. കെ സ്വയ, ഡയറ്റ് പ്രിൻസിപ്പാൾ കെ. എം സെബാസ്റ്റ്യൻ, ടോട്ടം റിസോഴ്സ് സെന്റർ ജനറൽ സെക്രട്ടറി ജെയ്ശ്രീകുമാർ, മഹിള സമഖ്യ ജില്ലാ കോ -ഓർഡിനേറ്റർ വി. ഡി അംബിക എന്നിവർ പങ്കെടുത്തു.