വശ്യസൗന്ദര്യമാസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയതിന്റെ ഭാഗമായി നെല്ലിയാമ്പതി സുരക്ഷിതം എന്ന സന്ദേശവുമായി സഞ്ചാരികള്‍ നടത്തിയ ഗ്രാറ്റിറ്റിയൂഡ് റൈഡ് പാലക്കാട് കോട്ടയില്‍ നിന്നും എം.ബി. രാജേഷ് എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ ആശങ്കകള്‍ ദുരീകരിക്കുന്നതിന് ഈ സന്ദേശ യാത്രയ്ക്ക് കഴിയുമെന്ന് എം.പി പറഞ്ഞു.
പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞിരുന്നു. എന്നാല്‍ നവകേരള നിര്‍മാണത്തിന്റെ ഭാഗമായി നെല്ലിയാമ്പതി പൂര്‍വ സ്ഥിതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. എന്നാല്‍ പ്രളയത്തിനു ശേഷം സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന നൂറു കണക്കിന് തൊഴിലാളികളാണ് ഇവിടെയുള്ളത്. വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത് പ്രദേശത്തെ തൊഴിലാളികളുടെ വരുമാനത്തെ ബാധിച്ചിരുന്നു. നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരം കുറഞ്ഞതിനെ തുടര്‍ന്ന് പോത്തുണ്ടി ഡാം പരിസരത്തും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായി. തുടര്‍ന്നാണ് നെല്ലിയാമ്പതി സുരക്ഷിതമെന്ന എന്ന സന്ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ട്ഗ്രാറ്റിറ്റിയൂഡ് റൈഡ് സംഘടിപ്പിച്ചത്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ് , സഞ്ചാരി ക്ലബ് പാലക്കാട് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. കോട്ടയ്ക്കകത്തുള്ള വാടിക ഉദ്യാനത്തില്‍ നിന്നും ആരംഭിച്ച റെയ്ഡില്‍ മുപ്പതോളം ബൈക്കുകളിലും കാറുകളിലുമായാണ് സഞ്ചാരി ക്ലബിലെ അംഗങ്ങള്‍ റൈഡ് നടത്തിയത്. നഗരത്തില്‍ നിന്നും ആരംഭിച്ച സന്ദേശ യാത്രയ്ക്ക് നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ പോത്തുണ്ടി ഡാം പരിസരത്ത് കെ.ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 2018ലെ ഉത്തരവാദിത്ത ടൂറിസത്തിനുള്ള പുരസ്‌ക്കാരം ലഭിച്ച ക്ലബ്ബാണ് സഞ്ചാരി . 6.5 ലക്ഷം അംഗങ്ങളുള്ള സഞ്ചാരി ക്ലബ്ബിന്റെ പാലക്കാട് യൂണിറ്റാണ് റൈഡില്‍ പങ്കെടുത്തത്. ഡി.ടി.പി.സി.സെക്രട്ടറി കെ.ജി അജേഷ്, സഞ്ചാരി ക്ലബ് മാനേജര്‍ മനോജ് എന്നിവര്‍ സംബന്ധിച്ചു.