സ്നേഹിത കോളിംഗ് ബെല്‍ സമൂഹത്തിന് വഴികാട്ടിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി. കുടുംബശ്രീയുടെ പദ്ധതിയായ സ്നേഹിത കോളിംഗ് ബെല്‍ അംഗങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സമൂഹത്തില്‍ നിരാലംബരായവര്‍ക്ക് ഒരു ആശ്രയമാകാന്‍ സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിക്ക് സാധിക്കുന്നുണ്ടെന്നും, ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കേരളത്തില്‍ അടുത്ത കാലത്തായി ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്.  കൃത്യസമയത്തുള്ള ഇടപെടലിലൂടെ ഒഴിവാക്കാന്‍ കഴിയാവുന്ന ദുരന്തങ്ങള്‍ പലപ്പോഴും അവഗണനയുടെ പേരില്‍ സമൂഹത്തില്‍ തീരാമുറിവായി അവശേഷിക്കുന്ന സാഹചര്യത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്നേഹിത കോളിംഗ് ബെല്‍ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ഒറ്റപ്പെട്ട് താമസിക്കുന്നവരേയും മുതിര്‍ന്ന പൗരന്മാരേയും കണ്ടെത്തി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്ന പദ്ധതിയാണ് ഇത്. വീട്, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യസഹായം, നിയമസഹായം, ഉപജീവനമാര്‍ഗങ്ങള്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയ എല്ലാ വിധത്തിലുള്ള സേവനങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായി കൃത്യമായ ആസൂത്രണത്തോടെയുള്ള നടപടികളുണ്ടാകുമെന്നും, ഇത്തരക്കാരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂനിയര്‍ സൂപ്രണ്ട് ജോഷി അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ്ജഡ്ജ് &സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ജില്ലാ ലേബര്‍ ഓഫീസര്‍ റ്റി. സൗദാമിനി, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ പി.കെ ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.എസ് സീമ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, കുടുംബശ്രീ എ.ഡി.എം.സി എ.മണികണ്ഠന്‍, കുടുംബശ്രീ ഡി.പി.എം പി.ആര്‍ അനൂപ തുടങ്ങിയവര്‍ പങ്കെടുത്തു.