ഇരിങ്ങല്‍ സര്‍ഗാലയയില്‍ എട്ടാമത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഈ മാസം 20 ന് തുടക്കമാകും. വൈകീട്ട് 6.30 ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. തൊഴില്‍ എക്‌സൈസ് വകുപ്പ്മന്ത്രി  ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഭൂട്ടാന്‍, നേപ്പാള്‍, ഉസ്‌ബെക്കിസ്ഥാന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടേത് ഉള്‍പ്പെടെ 250 പ്രദര്‍ശന സ്റ്റാളുകള്‍ മേളയിലുണ്ടാകും.  കേരള ഗ്രോത്ര ഗ്രാമം, കളരി വില്ലേജ്, കേരളീയ ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡുകള്‍ തുടങ്ങി ആകര്‍ഷക പരിപാടികളും മേളയുടെ ഭാഗമാകും. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള റൂറല്‍ ആര്‍ട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 20 പൈതൃക കരകൗശല കൈത്തറി ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി കൈത്തറി പൈതൃകഗ്രാമ പവലിയനും മേളയുടെ ആകര്‍ഷണമാകും.
കിര്‍ത്താഡ്‌സിന്റെയും വയനാട്ടിലെ എന്ന ഊരു പദ്ധതിയുടെയും നേതൃത്വത്തില്‍ ഗോത്രഗ്രാമം ഒരുക്കും. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ലധികം ആര്‍ട്ടിസാന്മാരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 12 പേരും കേരളത്തിലെ പൈതൃകഗ്രാമങ്ങളിലെയും സര്‍ഗാലയയിലെയും ഉള്‍പ്പെടെ 500 ആര്‍ട്ടിസാന്മാരും മേളയില്‍ സന്ദര്‍ശകര്‍ക്കായി കരവിരുതിന്റെ മാസ്മരികാനുഭവങ്ങള്‍ ഒരുക്കും.
നിപ, പ്രളയം എന്നിവയിലൂടെ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് ഉണര്‍വേകി വടക്കന്‍ കേരളത്തിന്റെ വിനോദസഞ്ചാരസാധ്യതകള്‍ക്ക് പുത്തന്‍ തിരിച്ചു വരവിന് മേള കളമൊരുക്കുമെന്നാണ് പ്രതീക്ഷ. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് മേള പ്രതീക്ഷിക്കുന്നത്. മൂവായിരത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുന്ന തരത്തില്‍ പ്രത്യേകമായി 14 സ്ഥലങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പരിപാടികള്‍ വിശദീകരിക്കുന്നതിനായി സബ് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.ദാസന്‍ എം.എല്‍.എ, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി,  പയ്യോളി നഗരസഭാ അധ്യക്ഷ വി.ടി.ഉഷ, സര്‍ഗാലയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.പി ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ രാജേഷ് എന്നിവര്‍ പങ്കെടുത്തു.