സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം ജൂൺ 2 രാവിലെ 10 ന് നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും സീറ്റ് സംവരണം ഉണ്ട്. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും അതിനായി തയ്യാറെടുക്കുന്നവർക്കും പങ്കെടുക്കാം.
