* ക്യാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം വിതരണം ചെയ്യുന്നതിലെ എല്ലാ തടസങ്ങളും പരിഹരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ മീഡിയ റൂമിൽ ക്യാബിനറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭ നിർണായക തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
വായ്പ അനുവദിക്കുന്നതിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങളെ പൂർണമായും ഒഴിവാക്കാനും സപ്ലൈകോയുടെ നേതൃത്വത്തിൽ വിതരണം പൂർത്തിയാക്കാനും തീരുമാനമായി. ഇതുവരെ പ്രാഥമിക സംഘങ്ങൾക്ക് നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യും. ഇത് സംബന്ധിച്ച് എസ്ബിഐ, കാനറ തുടങ്ങിയ ബാങ്കുകളുമായി നടത്തിയ ചർച്ചകളിൽ അനുകൂല തീരുമാനം ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ അഭിഭാഷകരെയും നിയമിക്കാൻ മന്ത്രിസഭ അനുമതി നൽകി.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മുണ്ടത്തിക്കോട് ഗ്രാമത്തിലെ വെടി മരുന്ന് ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും 14 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വിവിധ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമാനുസൃതമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താനും തീരുമാനമായി.
കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിത നിയമനം നൽകാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
കേരള തീരപ്രദേശങ്ങളിൽ 2026 ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
