ജൂലൈ 1 വരെ അപേക്ഷിക്കാം
കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്. എന്നാൽ, ഒരു വർഷത്തെ കരാർ കാലാവധിക്കിടെ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന പക്ഷം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 1ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.കോം, ഡി.സി.എ, ടാലി. സർക്കാർ, അർദ്ധസർക്കാർ വകുപ്പുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
അപേക്ഷകർക്ക് 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസം 30,000 രൂപയാണ് വേതനം. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതിയായ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന-ജില്ലാ തല വരവുചെലവ് കണക്കുകൾ കൈകാര്യം ചെയ്യുകയാണ് ജോലിയുടെ സ്വഭാവം. നിയമനം ലഭിക്കുന്ന തീയതി മുതൽ 2027 മാർച്ച് 31 വരെയാണ് പ്രാഥമിക കരാർ കാലാവധി. അതിനുശേഷം പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിച്ചു നൽകും.
500 രൂപയാണ് പരീക്ഷാ ഫീസ്. അപേക്ഷയോടൊപ്പം ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. സമർപ്പിക്കപ്പെടുന്ന ബയോഡാറ്റകൾ വിശദമായി പരിശോധിച്ച്, സ്‌ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്ക് ആയിരിക്കും. ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകളും, യഥാസമയം ലഭിക്കാത്തവയും, നിശ്ചിത യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.
ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധിയുണ്ടായിരിക്കും. റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിച്ചിട്ടും യഥാസമയം ജോലിയിൽ പ്രവേശിക്കാത്തവരുടെ നിയമനം റദ്ദാക്കുകയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
