കോട്ടയം: പുസ്തകങ്ങളുടെ കൂട്ടുകാരാകാന്‍ വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്ത് വായന മാസാചരണത്തിന് തുടക്കം. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വായനമാസാചാരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നിര്‍വഹിച്ചു. കേരളത്തിന്‍റെ സാംസ്‌കാരിക ബോധത്തെ ഉയര്‍ന്ന തലത്തില്‍ എത്തിച്ചത് പി.എന്‍. പണിക്കര്‍ ആരംഭിച്ച ഗ്രന്ഥശാലാ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന നിലയില്‍ ഗ്രന്ഥശാലകള്‍ കേരള സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ നേതൃത്വമാണ് നല്‍കിയത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിച്ചു. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം എക്കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നല്‍കി. ജാതിമത ഭേദങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനും സാംസ്‌കാരികമായി ഉയരാനും കേരള സമൂഹത്തിന് കഴിഞ്ഞതിനു പിന്നില്‍ വായനയിലൂടെ സ്വാംശീകരിച്ച മൂല്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അവര്‍ പറഞ്ഞു.
വായനയിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന സംസ്‌കാരം സമൂഹത്തെത്തന്നെ മാറ്റിയെടുക്കുമെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.വി. മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ വിഭാഗം ഡി.പി.എം ഇ.എസ്. ഉഷാദേവി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ബി. രാജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, മൗണ്ട് കാര്‍മ്മല്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.എസ്. ജയിന്‍, മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മേരി, വിദ്യാര്‍ഥിനി അബിഗേല്‍ സൂസന്‍ ടോം എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും സാക്ഷരതാ മിഷന്‍റെയും കുടുംബശ്രീ മിഷന്‍റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഫോട്ടോ:
വായന മാസാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കുന്നു