ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി മന്ത്രിയും സംഘവും ചർച്ച നടത്തി
പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണത്തിൽ രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്. പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണ വിഷയങ്ങളിൽ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നാദെൻഡ്ല മനോഹറുമായി ചർച്ച നടത്തി.
വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കർഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര-ആർഎസ്‌കെ) അരി മില്ലും സന്ദർശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതലസംഘം ആന്ധ്രയിലെത്തിയത്.
നെല്ല് സംഭരണ-വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിശോധന, മില്ലുകളുടെ പ്രവർത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ആന്ധ്രയിലെ നെല്ല് സംഭരണ-സംസ്‌കരണ സംവിധാനങ്ങൾ, സംഭരണശാലകളുടെ പ്രവർത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം, കർഷക സേവാ കേന്ദ്രങ്ങളുടെ (രൈതു സേവാ കേന്ദ്ര- ആർഎസ്‌കെ) പ്രവർത്തനരീതി എന്നിവ സംഘം വിലയിരുത്തി. കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദർശിച്ച് നെല്ല് സംസ്‌കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും മനസിലാക്കി മാതൃകാപരമെങ്കിൽ കേരളത്തിൽ നടപ്പാക്കാൻ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. സപ്‌ളൈകോ സ്വന്തമായി അരിമില്ലുകൾ സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. കേരളത്തിൽ നെല്ല് സംഭരണം ആരംഭിച്ച 2005-06 കാലഘട്ടത്തിൽ ആന്ധ്രയിലെ രീതി മനസിലാക്കാനായി സപ്ലൈകോ സംഘം സന്ദർശിച്ചിരുന്നു.
നിലവിൽ ആന്ധ്രയിൽ കർഷകനു ഒരുകിലോ നെല്ലിനു 24 രൂപ നൽകുമ്പോൾ, കേരളത്തിൽ 30.12 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസും നൽകുന്നു. ആന്ധ്രയിലാകട്ടെ, കേന്ദ്രബോണസ് മാത്രമാണുള്ളത്. നല്ല ആശയങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയാറാക്കി നൽകാൻ സപ്ളൈകോ എംഡിയോടു മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശിച്ചു. സംഘം ഇന്ന് (24/07/2026) തിരിച്ചെത്തും.
ഭക്ഷ്യ-സിവിൽ സപ്ലൈസ് കമ്മിഷണർ കെ. കന്നബാബു, സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാൻ ടി. സുധീർ, ഡയറക്ടർ അജയ് നാപുർ, കേരള സപ്ലൈകോ എം.ഡി. എം. വി. ജയകൃഷ്ണൻ, എജിഎം. (മാർക്കറ്റിംഗ്) എം. ആർ. ദീപു തുടങ്ങിയ ഉദ്യോഗസ്ഥർ ചർച്ചയിൽ സംബന്ധിച്ചു.
