വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സന്ദേശവുമായി ജില്ലയിലുടനീളം പര്യടനം നടത്തുന്ന ‘ഓണ പതാകയാത്ര’യ്ക്ക് കോവളത്ത് തുടക്കമായി. കോവളം നിയോജകമണ്ഡലം എം.എൽ.എ അഡ്വ. എം. വിൻസെന്റ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യമായാണ് കോവളത്തെ ഓണാഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നായി സർക്കാർ ഉൾപ്പെടുത്തുന്നതെന്നും, അന്താരാഷ്ട്ര ബീച്ച് ടൂറിസം ഹബ്ബ് എന്ന നിലയിൽ കോവളത്തിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. പ്രാദേശിക കടൽവിഭവങ്ങൾ ഉൾപ്പെടുത്തി
അടുത്ത വർഷം ‘സീ ഫുഡ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഓണം പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം.ആർ. ബൈജു എം.എൽ.എ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം വാർഡ് കൗൺസിലർ കെ.എസ്. സുധീർ ഖാൻ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തലസ്ഥാന ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന പതാക ഘോഷയാത്ര ആഗസ്റ്റ് 23ന് കനകക്കുന്നിൽ സമാപിക്കും. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് കനകക്കുന്നിൽ ഓണം പതാക ഉയർത്തുന്നതോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും.

കോവളം, നെയ്യാറ്റിൻകര , പാറശാല, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഓണപതാക യാത്ര ആദ്യ ദിനം എത്തിയത്.

*ഓണ പതാക യാത്ര ഇന്ന് (ആഗസ്റ്റ് 22)*

അരുവിക്കര (ആര്യനാട് ജംഗ്ഷൻ), നെടുമങ്ങാട് (കച്ചേരി ജംഗ്ഷൻ), വാമനപുരം (കല്ലറ ബസ് സ്റ്റാൻഡ് ജംഗ്ഷൻ), ആറ്റിങ്ങൽ (മുനിസിപ്പൽ ഹാൾ), വർക്കല (ക്ലിഫ്) ചിറയിൻകീഴ് (ഗോൾഡൻ ബീച്ച്, പെരുമാതുറ) എന്നിവിടങ്ങളിൽ പതാക ഘോഷയാത്ര ഇന്ന് എത്തിച്ചേരും.