സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത തടയാന്‍ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യുവാക്കള്‍ക്കിടയിലും ഐ ടി മേഖലയിലടക്കം ജോലി ചെയ്യുന്നവരിലും വിഷാദവും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. മാതാപിതാക്കളും മക്കളും തുറന്ന് സംസാരിക്കാനും വിഷമങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടെത്തണം. ‘ഡിന്നര്‍ വിത്ത് പേരന്റ്‌സ്’ പോലുള്ള ആശയങ്ങള്‍ കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കണമെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യാ പ്രതിരോധത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണവും ഇടപെടലുകളും ശക്തമാക്കും. ഇതിനായി സമൂഹമാകെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിലേക്കുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ മുഴുവന്‍ ഭൂമിയും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബി ബി ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ ലതാദേവി, ജില്ലാകലക്ടര്‍ ആനി ജൂല തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ വിശ്വനാഥന്‍ കെ വി, സ്റ്റേറ്റ് ചീഫ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. ഷാജഹാന്‍ പി എസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഷീജ എ എല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഇന്ദു പി എസ്, സൂപ്രണ്ട് ഡോ. ആശ കെ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
