വിവര-പൊതുജനസമ്പർക്ക വകുപ്പ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു


കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും മാധ്യമ-വിവരസാങ്കേതിക ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവര-പൊതുജനസമ്പർക്ക വകുപ്പ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വകുപ്പ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വേറിട്ട സാംസ്‌കാരിക കരുത്തും പ്രാദേശിക പ്രതിഭകളുടെ മികവും പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതിയിലായിരിക്കണം മാധ്യമ-സർഗ മേഖലകളുടെ വികസനമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ വ്യക്തമാക്കി. സർഗ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് രാജ്യത്താകമാനം ഒരൊറ്റ മാതൃക പര്യാപ്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങൾ, സംരംഭകത്വ നടപടികൾ സുഗമമാക്കൽ, ശേഷി വികസനം, പ്രാദേശിക ഉള്ളടക്കങ്ങൾ, സർഗാത്മക ആവാസവ്യവസ്ഥ എന്നിവയുൾപ്പെടെ കേന്ദ്ര-സംസ്ഥാന സഹകരണം കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളും അദ്ദേഹം വിശദീകരിച്ചു. വേവ്സ് 2027, വേവ്സ് ബസാർ, വേവ്സ് എക്സ്, ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ ചലഞ്ചുകൾ തുടങ്ങിയ ദേശീയ വേദികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സർഗാത്മക ഉള്ളടക്കനിർമാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും വിപണികൾ, നിക്ഷേപകർ, സാങ്കേതികവിദ്യ, ആഗോള പങ്കാളിത്തം എന്നിവയിലേക്ക് മികച്ച പ്രവേശനത്തിന് വഴി ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ച സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ മന്ത്രാലയവുമായി ഏകോപനവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്തു. കൂടുതൽ മികച്ച ആശയവിനിമയം, പങ്കാളിത്തം, കൃത്യമായ ഇടവേളകളിലെ സമ്മേളനങ്ങൾ എന്നിവയിലൂടെ സംസ്ഥാനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്ന് കൂടുതൽ പിന്തുണ വേണമെന്ന ആവശ്യവും സംസ്ഥാനതല ശേഷി വികസനത്തിന്റെ പ്രാധാന്യവും യോഗത്തിൽ ചർച്ചയായി. മന്ത്രാലയവുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കാനും ഓറഞ്ച് എക്കോണമി അഥവാ സർഗ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ സജീവമായി പങ്കുചേരാനും ഉദ്യോഗസ്ഥർ സന്നദ്ധത പ്രകടിപ്പിച്ചു.

സംസ്ഥാന ഗവൺമെന്റുകൾ കേബിൾ ഓപ്പറേറ്റർമാർക്കുവേണ്ടി നടപ്പാക്കുന്ന റൈറ്റ് ഓഫ് വേ സംവിധാനം, വേവ്സ് 2027 മാർഗരേഖ, വേവ്സ് ബസാറും വിപണി ലഭ്യതയും ശക്തിപ്പെടുത്തൽ, പൊതുസേവന പ്രക്ഷേപണ അടിസ്ഥാന സൗകര്യ വിപുലീകരണം, വേവ്സ് ഒടിടി പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾ സൃഷ്ടിക്കുന്ന സർഗാത്മക ഉള്ളടക്കങ്ങളുടെ പ്രോത്സാഹനം, ഇന്ത്യൻ സിനിമ ഹബ്-ഫിലിം ഫെസിലിറ്റേഷൻ ഓഫീസ് പോർട്ടലുകളുടെ സംയോജനം, സിനിമാ ചിത്രീകരണങ്ങൾക്കും തത്സമയ പരിപാടികൾക്കും അനുമതി തേടാൻ ഏകജാലക ഐസിഎച്ച് പോർട്ടൽ എന്നിവ ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി.

ഉള്ളടക്കങ്ങളുടെ സംയുക്തനിർമ്മാണത്തിലൂടെയും സംസ്ഥാനാടിസ്ഥാനത്തിലെ പ്രോഗ്രാമിങ്ങിലൂടെയും മികച്ച ജനസമ്പർക്കത്തിലൂടെയും പൊതുസേവന പ്രക്ഷേപണം ശാക്തീകരിക്കൽ, തത്സമയ പരിപാടികളുടെ പ്രോത്സാഹനം, ഐഐഎംസി പരിശീലന സൗകര്യങ്ങളിലൂടെ വിവര-പൊതുജന സമ്പർക്ക ഉദ്യോഗസ്ഥരുടെ ശേഷി വികസനം, പ്രസ് സേവാ പോർട്ടൽ വഴി 2023-ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയഡിക്കൽസ് നിയമത്തിന് കീഴിലുള്ള ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള മാറ്റം, സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിൽ സംസ്ഥാന സർക്കാരുകൾക്ക് പുസ്തകങ്ങൾ നൽകി ലൈബ്രറികൾ ശാക്തീകരിക്കൽ എന്നിവയും സമ്മേളനം ചർച്ച ചെയ്തു.

പൊതുജനസമ്പർക്ക പരിപാടികൾ, തത്സമയ പരിപാടികൾ, വിവര-പൊതുജന സമ്പർക്ക ഉദ്യോഗസ്ഥരുടെ ശേഷി വികസനം, മാധ്യമ-പ്രസിദ്ധീകരണ മേഖലയിലെ ഡിജിറ്റൽ പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സമ്മേളനം അവലോകനം ചെയ്തു.

സംസ്ഥാനാടിസ്ഥാനത്തിലെ ഉള്ളടക്കങ്ങൾക്കും ജനസമ്പർക്കത്തിനും പിഐബി മേഖലാ ഓഫീസുകൾ, സംസ്ഥാന വിവര-പൊതുജന സമ്പർക്ക വകുപ്പുകൾ, ദൂരദർശൻ-ആകാശവാണി പ്രാദേശിക നിലയങ്ങൾ എന്നിവ തമ്മിൽ കൂടുതൽ അടുത്ത ഏകോപനമുണ്ടാകണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. സർഗ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും പൊതുവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്ന പുതിയ ആശയങ്ങൾക്കും സംസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്കും പങ്കാളിത്ത മാതൃകകൾക്കും മന്ത്രാലയം എപ്പോഴും തുറന്ന പിന്തുണ നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിവര പൊതുജന സമ്പർക്ക വകുപ്പ് സെക്രട്ടറിമാരും പ്രതിനിധികളും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.