കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും തെരുവനായ ശല്യത്തിന് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുന്നതിന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നഗരത്തിലെ നിലവിലെ സാഹചര്യം വിശദമായി പരിശോധിച്ച യോഗം നഗരത്തെ പൂര്‍ണമായും തെരുവുനായ മുക്തമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

അലഞ്ഞു തിരിയുന്ന നായകളെ പിടികൂടി പാര്‍പ്പിക്കുന്നതിന് മതിയായ സൗകര്യങ്ങളുള്ള പുതിയൊരു കേന്ദ്രം സജ്ജമാക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. നായകള്‍ക്ക് ഭക്ഷണവും കുറ്റമറ്റ പരിപാലനവും ഉറപ്പാക്കുന്ന കേന്ദ്രമായിരിക്കണം ഇത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലത്ത് ഇത് സജ്ജീകരിക്കാന്‍ ശ്രദ്ധിക്കണം.

വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കേണ്ടതുണ്ട്. പ്രായമായതും രോഗം ബാധിച്ചതുമായ വളര്‍ത്തു നായകളെ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത തടയുന്നതിന് നായകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. നായകളെ പിടികൂടുന്നതിന് പരിശീലനം സിദ്ധിച്ച കൂടുതല്‍ ആളുകളുടെ സേവനം വേണ്ടതുണ്ട്. ഇങ്ങനെ പിടികൂടുന്ന നായകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനങ്ങളും സജ്ജീകരിക്കണം.

പൊതു സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഭക്ഷണ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നഗരത്തിന്‍റെ സമീപ പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാക്കണം. രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും.

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ആര്‍.ഡി.ഒ നിജു കുര്യന്‍, തഹസില്‍ദാര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍…
കോട്ടയം നഗരത്തിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
​​​​​​​(കെ ഐ ഒ പി ആർ 1688​ /2026)

ആശ്വാസ് സഹകരണ അദാലത്ത്: 22 കോടി രൂപയുടെ ഇളവ് അനുവദിച്ചു

കോട്ടയം: സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ ആശ്വാസ്-2026 കോട്ടയം ജില്ലാതല അദാലത്തിൽ അപേക്ഷകർക്ക് 22 കോടി രൂപയുടെ ഇളവ് അനുവദിച്ചു. കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ 498 അപേക്ഷകളാണ് ലഭിച്ചത്. 440 എണ്ണത്തിൽ തീർപ്പു കല്പിച്ചു.

​​​​​​​(കെ ഐ ഒ പി ആർ 1689/2026)