സംസ്ഥാനത്തെ കെട്ടിട നിർമാണ രംഗത്ത് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട നിർമാണ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. നിർമിതി കേന്ദ്രത്തിന്റെ കേരളത്തിലെ ആദ്യ ത്രീ ഡി പ്രിന്റിംഗ് ബിൽഡിംഗ് ടെക്‌നോളജി സെന്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരം പിടിപി നഗറിലെ നിർമിതി ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റൽ ഡിസൈൻ അടിസ്ഥാനമാക്കിയുള്ള ത്രീ ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ സങ്കീർണമായ ആകൃതികളും ഘടനകളും കൂടുതൽ കൃത്യതയോടെ നിർമിക്കാൻ കഴിയും. കുറഞ്ഞ ചെലവിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുന്നതും നിർമാണ മേഖലയിലെ സമയവും അധ്വാനവും കുറയ്ക്കാൻ സാധിക്കുന്നതും സാങ്കേതികവിദ്യയുടെ പ്രധാന നേട്ടങ്ങളാണ്. പരമ്പരാഗത നിർമാണ രീതികളിൽനിന്ന് ആധുനിക ത്രീ ഡി പ്രിന്റിംഗ് സാങ്കേതികതയിലേക്കുള്ള നിർമിതി കേന്ദ്രത്തിന്റെ മാറ്റം കാലത്തിനനുസരിച്ചുള്ള മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു. കെട്ടിട നിർമാണ രംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന നിർമിതി കേന്ദ്രത്തിനെ മന്ത്രി അഭിനന്ദിച്ചു.
നിർമിതി കേന്ദ്രം നടത്തുന്ന പരിശീലന പരിപാടിയായ ഇന്റഗ്രേറ്റഡ് സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ്, കെസ്നിക് ചീഫ് ടെക്നിക്കൽ ഓഫീസർ സന്തോഷ് വി തുടങ്ങിയവർ പങ്കെടുത്തു.
