കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു. ഇളയ മകൾ അഖിലയുടെ തുടർ പഠനത്തിന് സർക്കാർ പ്രത്യേക ധനസഹായം നൽകും.
പട്ടികജാതി – പട്ടിക വർഗ – മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നൽകി. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തിൽ നിന്നും 6 ലക്ഷമായും പട്ടിക വർഗ വിഭാഗത്തിനുള്ള ധനസഹായം ആറിൽ നിന്നും എട്ട് ലക്ഷമായും ഉയർത്തി.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.
2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിന് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിർദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3 – മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടികയിലെ എൻട്രി നമ്പർ 55 ൽ പട്ടാരിയ (Pattariya) വിഭാഗത്തേയും എൻട്രി നമ്പർ 62 ൽ ശാലിയ (Saliya) വിഭാഗത്തേയും കൂട്ടിച്ചേർക്കാൻ തീരുമാനിച്ചു.
പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സി സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
പൊലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ൽ നിന്നും 7:3 ആയി വർധിപ്പിക്കാൻ തീരുമാനിച്ചു.
