കോമൺവെൽത്ത് സ്കൂൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണവും ഒരു വെങ്കലവും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഏഴുവയസ്സുകാരി ആരാധ്യ കൊമ്മേരി രജനീഷ് മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. അന്താരാഷ്ട്ര തലത്തിൽ നേടിയ ചരിത്രവിജയത്തിന്റെ സന്തോഷം പങ്കുവെക്കാനെത്തിയ കൊച്ചു മിടുക്കിയുടെ ആഗ്രഹപ്രകാരം മുഖ്യമന്ത്രി അവളോടൊപ്പം ചെസ്സ് കളിക്കുകയും ചെയ്തു.

മലേഷ്യയിൽ നടന്ന 2026-ലെ കോമൺവെൽത്ത് സ്കൂൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-7 ഗേൾസ് വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ആരാധ്യ മികച്ച വിജയം നേടിയത്. വ്യക്തിഗത ഇനങ്ങളിൽ സ്വർണവും വെങ്കലവും ഉൾപ്പെടെ ആകെ അഞ്ച് സ്വർണവും ഒരു വെങ്കലവുമാണ് ഈ കൊച്ചു മിടുക്കി നേടിയത്. കണ്ണൂർ പാതിരിയാട് സ്വദേശിയായ ആരാധ്യ അഞ്ചരക്കണ്ടി കുന്നിരിക്ക യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
തന്റെ മുന്നിലെത്തിയ കുട്ടിത്താരത്തെ സ്നേഹത്തോടെ സ്വീകരിച്ച മുഖ്യമന്ത്രി, തുടർന്ന് ചെസ്സ് ബോർഡിൽ അവളുടെ നീക്കങ്ങൾക്ക് കരുനീക്കി പ്രോത്സാഹനമേകി. ആരാധ്യയുടെ നേട്ടം കേരളത്തിന് ആകെ അഭിമാനമാണെന്നും ഭാവിയിൽ കൂടുതൽ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചെറുപ്രായത്തിൽത്തന്നെ ചെസ്സ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് ആരാധ്യ സ്വന്തമാക്കിയിട്ടുള്ളത്. നാല് തവണ കേരള സ്റ്റേറ്റ് അണ്ടർ-7 ഗേൾസ് ചെസ്സ് ചാമ്പ്യനായ ആരാധ്യ, ദേശീയ അണ്ടർ-7 ചാമ്പ്യൻഷിപ്പിൽ 148 താരങ്ങളോട് മത്സരിച്ച് ഏഴാം സ്ഥാനം നേടിയിരുന്നു. കൂടാതെ ദേശീയ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിലെ നാലാം സ്ഥാനവും, സംസ്ഥാന അണ്ടർ-9 വിഭാഗത്തിലെ വെങ്കല മെഡലും, കണ്ണൂർ ജില്ലാ വനിതാ ചെസ്സ് ചാമ്പ്യൻ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. രജനീഷിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയോടെയാണ് ആരാധ്യ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.
