ബാല്യത്തിന്റെ സ്വപ്നങ്ങൾക്കും അവകാശങ്ങൾക്കും നിറം പകർന്ന ചിത്രങ്ങളുമായി ‘കെലൈഡോ 2026’ ആർട്ട് ഫെസ്റ്റ്. അന്താരാഷ്ട്ര ബാലാവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് പാർക്കിലാണ് ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനും ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. ‘മൈ ഡേ, മൈ റൈറ്റ്സ്, മൈ ഫ്യൂച്ചർ’ എന്ന പ്രമേയത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത ലൈവ് പെയിന്റിങ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി. കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പോട്ടറി മേക്കിങ് പരിശീലനവും സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി ജില്ലയിലെ യുവ എഴുത്തുകാരുടെ പുസ്തകപ്രദർശനവും നടന്നു. ചിത്രകലയും മൺപാത്രനിർമാണവും സാഹിത്യവും ഒത്തുചേർന്ന പരിപാടി കുട്ടികളുടെ സർഗാത്മകതയ്ക്കും അവകാശബോധത്തിനും ഒരുപോലെ പ്രാധാന്യം നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി ബിജു, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി.ബി ബിനു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ് തുടങ്ങിയവർ പങ്കെടുത്തു
