കൊച്ചി: പരീക്ഷകൾക്കുള്ള തയ്യാറെടുപ്പാണ് വിദ്യാഭ്യാസമെന്ന ധാരണ തിരുത്താൻ സമൂഹം തയ്യാറാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ലെമെറിഡിയൻ കൺവൻഷൻ സെന്ററിൽ പി.എം.ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകൾക്ക് വേണ്ടി മാത്രമെന്ന രീതിയിലുള്ള പഠന രീതി വിദ്യാർത്ഥികളുടെ സർഗശേഷിയെ അടച്ച് കളയുകയാണ്. അത് കൊണ്ട് തന്നെയാണ് വിദ്യാഭ്യാസ രംഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായിട്ടും ലോക തലത്തിൽ അറിയപ്പെടുന്ന തരത്തിലുള്ള അവാർഡ് ജേതാക്കളോ ചിത്രകാരന്മാരോ ശാസ്ത്രജ്ഞരോ പുതുതായി നമുക്കില്ലാതെ പോകുന്നത്. പരീക്ഷക്ക് വേണ്ടി മാത്രമെന്ന രീതിയിലുള്ള വിദ്യാഭ്യാസ രീതി മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസമെന്ന പരമ്പരാഗത രീതി വിട്ട് വിദ്യാർത്ഥി കേന്ദ്രീകൃത രീതി കൊണ്ട് വരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ നടപ്പാക്കുന്നതും ഈ രീതിയാണ്. പoനമെന്നാൽ അന്വേഷണമാണം. അത് മനപാഠം പഠിക്കൽ മാത്രമാകരുത്. ഇത്തരത്തിൽ ഓരോ കുട്ടിയുടെയും സർഗശേഷി കണ്ടെത്തി അവനെ ഉയർത്തി കൊണ്ടുവരലാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമാക്കുന്നത്. പരീക്ഷയിലെ ഏ പ്ലസല്ല ജീവിതത്തിലെ ഏ പ്ല സാണ് വലുതെന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും മനസിലാക്കണം. കുടുംബത്തിന്റെ മാതൃഭാഷയാണ് ജീവിത വിജയത്തിന്റെ ഉപകരണം. ഒരു വ്യക്തിയുടെ സർഗശേഷി വളർത്തുന്നതിൽ പ്രോത്സാഹനത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്തരുത്. മാർക്ക് കുറഞ്ഞതിനും മറ്റ് കാര്യങ്ങൾക്കും കുട്ടികളെ നിരുത്സാഹപെടുത്തുന്ന അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യം മനസിലാക്കണം. ഇത്തരത്തിലുള്ള സന്ദേശമാണ് വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിലൂടെ പി.എം.ഫൗണ്ടേഷൻ നിർവ്വഹിക്കുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു. ഫൗണ്ടേഷൻ ചെയർമാനും കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടറുമായ എ.പി .എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്റെ ഹരിത വിദ്യാലയം അവാർഡ് നേടിയ കെ.എം.എച്ച്.എസ്.എസ്. വാളക്കുളം മലപ്പുറം, കൃഷ്ണവിലാസം യു.പി.എസ്, പാങ്ങോട് തിരുവനന്തപുരം, ജി.എച്ച്.എസ്.എസ്, ഉദിനൂർ കാസർഗോഡ് എന്നീ വിദ്യാലയങ്ങളും ടാലന്റ് സെർച്ച് പരീക്ഷയിൽ മികവ് തെളിയിച്ച 13 വിദ്യാർത്ഥികളും മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറ് മേനി നേടിയ 26 വിദ്യാലയങ്ങൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അവാർഡുകൾ നൽകി. സംസ്ഥാന ശാസ്ത്ര-ഗണിത – സാമൂഹ്യ ശാസ്ത്രമേളകളിൽ ഒന്നാമതെത്തിയവർക്കും അവാർഡുകൾ നൽകി. ചടങ്ങിൽ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സ്ഥാപകൻ ഡോ: പി.മുഹമ്മദലി സന്ദേശം നൽകി. ജ: ഫാത്തിമ ബീവി, ജ: കെ.ഷംസുദ്ദീൻ, സി.പി.കുഞ്ഞുമുഹമ്മദ്, കെ.പി.അഷറഫ്, ഡോ: എൻ.എം.ഷറഫുദ്ദീൻ, എം.എം.ബഷീർ, സി എച്ച്.അയ്യൂബ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ സെഷനുകളിലായി മുൻ നെതർലാന്റ് അംബാസഡർ വേണു രാജാമണി, ആലപ്പുഴ ജില്ലാ കളക്ടർ എസ്.സുഹാസ് എന്നിവർ ക്ലാസെടുത്തു.