ശിശു – വയോജന സംരക്ഷണത്തില്‍ സര്‍ക്കാര്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു. വയോജനങ്ങള്‍ക്ക് സംസാരിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനുമായി ഒരുക്കിയ പകല്‍ വീടുകള്‍ മികച്ച മാതൃകയാണെന്നും എം.എല്‍.എ വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ പകല്‍ വീട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് പകല്‍ വീട് നിര്‍മിച്ചിരിക്കുന്നത്. 600 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം പത്ത് പേര്‍ക്ക് വിശ്രമിക്കാനും പകല്‍ വീട്ടില്‍ സൗകര്യമുണ്ട്. പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ലക്ഷം വീട് കോളനിയില്‍ നിര്‍മിച്ച പകല്‍വീട് പരിസരത്ത് നടന്ന പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.പ്രസന്നകുമാരി അധ്യക്ഷയായി. പുരുപ്പരിയാരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.ദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് , മലമ്പുഴ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹരി ലക്ഷ്മി , പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭന , മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജവഹര്‍ , പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
