നെന്മാറ ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക, ആരോഗ്യ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി വിവിധ പദ്ധതികള്‍ നടപ്പാക്കും. ഗ്രാമസഭകളിലെ നിര്‍ദേശങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രാവര്‍ത്തികമാക്കി, ഫലപ്രദമായ രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് വികസന സെമിനാറുകള്‍ അര്‍ഥപൂര്‍ണമാവുന്നതെന്ന് കെ.ബാബു എം.എല്‍.എ. പറഞ്ഞു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2019 -20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണം- വിപണനം, ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കല്‍, ജലസേചന സൗകര്യം വ്യാപിപ്പിക്കല്‍, പുഷ്പകൃഷി, ഔഷധ സസ്യകൃഷി വ്യാപനം തുടങ്ങി അനവധി വികസന പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക മേഖലയില്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിനായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയത്. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ 61,60000 രൂപയുടെ പദ്ധതിയും രൂപീകരിച്ചു. വിനോദ സഞ്ചാരമേഖലയില്‍ നെല്ലിയാമ്പതിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. നെല്ലിയാമ്പതി കേന്ദ്രീകരിച്ച് സോളാര്‍ എനര്‍ജി, വിന്റ് എനര്‍ജി മേഖലയുടെ വികസനം, വനവത്ക്കരണം, സംരക്ഷണം, നെല്ലിയാമ്പതി -മംഗലം ഡാം കേന്ദ്രികരിച്ച് ടൂറിസം പദ്ധതിക്കും പോത്തുണ്ടി ഡാമിന് കുറുകെ റോപ് വേ നിര്‍മിക്കാനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. ജനറല്‍, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിന് എട്ടര കോടിയോളം രൂപയും വകയിരുത്തി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുക്കാല്‍ കോടിയോളം രൂപയും നീക്കിവെച്ചിട്ടുള്ളതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത, മെമ്പര്‍ യു. അസീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി കെ.ശശികുമാര്‍, അസിസ്റ്റന്റ് പ്ലാന്‍ കോഡിനേറ്റര്‍ ഗിരിജ എന്നിവര്‍ സംസാരിച്ചു.
