ഒന്നാംഘട്ട നവീകരണ പ്രവൃത്തികൾ പൂർത്തിയായ മാനന്തവാടി പഴശ്ശി പാർക്ക് ഡിസംബർ 27ന് സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ജില്ലാ ടൂറിസം വകുപ്പിന്റെ 36 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ടൈൽ പാകൽ, ഇന്റർലോക്കിങ്, കുട്ടികളുടെ പാർക്ക്, കൈവരികൾ, ഇരിപ്പിടങ്ങൾ, ഓഫീസ് ബ്ലോക്ക്, കഫ്റ്റീരിയ, മുള ഉപയോഗിച്ചുള്ള ബോട്ട് ജെട്ടി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പെഡൽ ബോട്ടുകളും ഇവിടെയുണ്ട്. തുഴച്ചിൽ ബോട്ടുകളും മറ്റും അടുത്തു തന്നെ എത്തും.

രണ്ടാംഘട്ട നവീകരണത്തിനായി രണ്ടുകോടി രൂപയുടെ പ്രവൃത്തികൾക്ക് സർക്കാരിൽ നിന്നു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പാത്ത് വേ, പാർക്ക് മുഴുവൻ വൈദ്യുതീകരണം എന്നിവയാണ് രണ്ടാംഘട്ട പ്രവൃത്തികളിലുള്ളത്. വൈദ്യുതീകരണം പൂർത്തിയാവുന്നതോടെ പാർക്കിന്റെ പ്രവർത്തനസമയം രാത്രി ഒമ്പതു വരെ ദീർഘിപ്പിക്കും.

ഡിസംബർ 27ന് രാവിലെ ഒമ്പതിന് ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശോഭ രാജൻ, ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ കളത്തിൽ, ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം വി.പി. സഹദേവൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.