കോർപറേറ്റ് ഓഫീസുകളോടു കിടപിടിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടി സ്മാർട്ടാവുകയാണ് കൽപ്പറ്റ, കുപ്പാടി വില്ലേജ് ഓഫീസുകൾ. പരിമിത സൗകര്യങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന വില്ലേജ് ഓഫീസുകളാണിന്ന് ആധുനിക സൗകര്യങ്ങളുള്ള സർക്കാർ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. നിർമാണം പൂർത്തിയായ ഇരു സ്മാർട്ട് വില്ലേജ് ഓഫീസുകളും ഡിസംബർ 29നു റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നാടിനു സമർപ്പിക്കും. ജില്ലാ നിർമിതികേന്ദ്രയുടെ നേതൃത്വത്തിലാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തിയാക്കിയത്. കൽപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം കൽപ്പറ്റ ടൗൺഹാളിലും കുപ്പാടിയിലേത് വില്ലേജ് ഓഫീസ് പരിസരത്തും നടക്കും.

ആധുനിക പ്ലംബിങ് സൗകര്യങ്ങളും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്‌ലറ്റുകളും സന്ദർശകർക്ക് ഇരിപ്പിടങ്ങളോടുകൂടി വെയ്റ്റിങ് ഏരിയയും സ്മാർട്ട് ഓഫീസുകളിലുണ്ട്. കൂടാതെ ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും അംഗപരിമിതർക്കായി ബാരിയർ ഫ്രീറാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിൽ വിശാലമായ വരാന്ത, വെയ്റ്റിങ് ഏരിയ, ഓഫീസ് മുറി, ഹെൽപ് ഡെസ്‌ക്, വില്ലേജ് ഓഫീസർക്കും സ്‌പെഷ്യൽ വില്ലേജ് ഓഫീസർക്കും പ്രത്യേകം മുറികൾ, റെക്കോർഡ് റൂം, ഭക്ഷണമുറി, ടോയ്‌ലറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. സീലിങ് ചെയ്ത് മനോഹരമാക്കിയ ഉൾവശത്ത് സജ്ജീകരിച്ച കർട്ടനുകളും എൽഇഡി ലൈറ്റ്, ഫാൻ, നെറ്റ്‌വർക്ക് കേബിളിങ്, യുപിഎസ് വർക്ക് സ്റ്റേഷൻ, ആധുനിക രീതിയിലുള്ള ഓഫീസ് ചെയർ, റെക്കോർഡ് റൂമിലെ സ്‌റ്റോറേജ് സൗകര്യങ്ങളും പാർക്കിങിനായി കല്ല് പാകിയും പുല്ല് പിടിപ്പിച്ചും ഭംഗിയാക്കിയ മുറ്റവും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ തന്നെ മാറ്റുന്നു.

ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ചതോടെ ജില്ലാ നിർമിതികേന്ദ്രവും സ്മാർട്ടായിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിലെ സാങ്കേതിക തടസ്സങ്ങൾ കൽപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു. വാല്യുവേഷൻ പ്രകാരമുള്ള തുക അധിമായതിനാൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ലേല നടപടികൾ തടസ്സപ്പെടുകയും നിർമാണം വൈകുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിർദേശാനുസരണം നിർമിതികേന്ദ്രം തന്നെ കെട്ടിടം പൊളിച്ചുനീക്കി 2018 മാർച്ചിൽ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. മൂന്നുനില കെട്ടിടം നിർമിക്കാനുള്ള സങ്കേതികതയോടെ നിർമിച്ച കൽപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസിനും അനുബന്ധ സൗകര്യങ്ങൾക്കുമായി 40 ലക്ഷം രൂപയാണ് ചെലവ്. സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണം ജനുവരിയിൽ തുടങ്ങുകയും 36,89,350 രൂപ ചെലവിൽ ഏപ്രിലിൽ പൂർത്തീകരിക്കുകയും ചെയ്തു.