പെരുമ്പാവൂർ: തെങ്ങ് കയറ്റത്തിൽ പരിശീലനം നേടിയ വനിതകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. കൂവപ്പടി ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ 59 വനിതകളാണ് തെങ്ങു കയറ്റത്തിൽ പരിശീലനം പൂർത്തിയാക്കിയത്. ഇവർക്കാവശ്യമായ തെങ്ങ് കയറ്റ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എം.കെ.എസ്.പി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി.വി. ജോയി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് ഡയറക്ടർ കെ.ജി. തിലകൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.പി. പ്രകാശ്, ബി.ഡി.ഒ കെ.എ. തോമസ്, വി.ഇ.ഒ കെ.എ അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് യൂണിഫോം ധരിച്ച ബയോ ആർമി അംഗങ്ങൾ ടൗണിൽ റാലി നടത്തി. വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച മഹിളാ കിസാൻ ശാക്തിയോജന പദ്ധതിയുടെ ഭാഗമായാണ് യന്ത്രവൽകൃത തെങ്ങ് കയറ്റത്തിൽ ഇവർക്ക് പരിശീലനം നൽകിയത്. ബ്ലോക്ക് പരിധിയിലെ 6 പഞ്ചായത്തുകളിൽ നിന്നാണ് 59 അംഗ സംഘത്തെ കണ്ടെത്തിയത്. ഒക്കൽ പഞ്ചായത്തിൽ നിന്നും 9 പേരും മറ്റ് പഞ്ചായത്തുകളിൽ നിന്നും 10 പേർ വീതവുമായിരുന്നു സംഘത്തിലുണ്ടായിരുന്നു. 59 അംഗ സംഘം വടക്കാഞ്ചേരി ഗ്രീൻ ആർമി നൽകിയ രണ്ട് ദിവസത്തെ യന്ത്രവൽകൃത തെങ്ങ് കയറ്റത്തിൽ ആദ്യം പരിശീലനം തുടങ്ങിയത്. അവിടത്തെ പരിശീലനത്തിന് ശേഷം ബ്ലോക്കിലെ അശമന്നൂർ, കൂവപ്പടി സെന്ററിലും ഇവർക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി. ഇതിനാവശ്യമായ യന്ത്രമടക്കമുള്ള സൗകര്യങ്ങളൊരുക്കിയത് ബ്ലോക്ക് പഞ്ചായത്താണ്. ഈ പരിശീലനവും പൂർത്തിയാക്കിയതോടെയാണ് സംഘം തൊഴിൽ സജ്ജരായത്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ചും ഓരോ തൊഴിലാളി ഗ്രൂപ്പ് രൂപീകരിച്ചു. ഇവരിൽ നിന്നും അഞ്ചംഗ കമ്മറ്റി രൂപീകരിച്ച് ഭാരവാഹികളുടെ പേരിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. അംഗങ്ങൾ തെങ്ങുകയറുന്നതിന്റെ വേതനം ഈ അക്കൗണ്ടിലേക്കെത്തും. അതു വഴി സംഘത്തിലെ എല്ലാവർക്കും സ്ഥിര വരുമാനമുണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്കാണ് ഇവരുടെ ഏകോപന – മേൽനോട്ട ചുമതല. സത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുകയും ഒപ്പം തെങ്ങ് കയറാൻ ആളെ കിട്ടാനില്ലാത്ത സാഹചര്യം ഒഴിവാക്കലുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംഘത്തിന്റെ പ്രവർത്തനം വിജയകരമാകുന്നതോടെ കൂടുതൽ സ്ത്രീകൾ പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ചെത്തുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ വിലയിരുത്തൽ. അങ്ങനെ വരുന്നവർക്ക് ഇപ്പോൾ പരിശീലനം ലഭിച്ചവരെ കൊണ്ട് പരിശീലനം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ