വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ വനിതകൾ ഇനി തെങ്ങ് കയറും. മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയില്‍ വനിതകള്‍ക്കുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.കെ.കെ.ജോഷി ഉദ്ഘാടനം ചെയ്തു. വൈപ്പിന്‍ മേഖലയില്‍ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന് ഈ പദ്ധതി ഉപകരിക്കും. സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാകുന്നതോടൊപ്പം മേഖലയിലെ തൊഴിലാളികളുടെ ക്ഷാമം ഈ പദ്ധതി വഴി പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയുടെ കീഴിലാണ് യന്ത്രവൽകൃത തെങ്ങുകയറ്റത്തിൽ പരിശീലനം നൽകിയത്. പളളിപ്പുറം, കുഴുപ്പിളളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍ ഗ്രാമപഞ്ചായത്തുകളിലായി പരിശീലനം ലഭിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുളള 40 വനിതകള്‍ക്കാണ് തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാകും തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രവർത്തനം. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തൊഴിലാളി സംഘം ബാങ്ക് അക്കൗണ്ട് വഴി കൂലി ലഭിക്കും. പഞ്ചായത്തു തല വിഇഒമാർക്കാണ് ഏകോപന ചുമതല. തൊഴിലാളി ഗ്രൂപ്പുകൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായി കരാർ ഒപ്പുവെച്ചാണ് തെങ്ങു കയറാനിറങ്ങുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുത്തു.