നവോത്ഥാനത്തിന്റെ മൂല്യങ്ങൾ ഊതിക്കെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മുമ്പെങ്ങുമില്ലാത്ത പ്രതിരോധം ആവശ്യമാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സംരക്ഷണത്തിനായി വീടുകൾക്ക് മുന്നിൽ മതിൽകെട്ടുന്നതുപോലെ പുരോഗമന ആശയങ്ങൾ സംരക്ഷിക്കാൻ മതിലുകൾ ആവശ്യമാണ്. സമരങ്ങൾക്കും പ്രതിരോധത്തിനും പുതിയ ഭാഷ്യങ്ങൾ നൽകണം. ലിംഗനീതിക്ക് വേണ്ടി കേരളത്തിലെ സഹോദരിമാർ നടത്തുന്ന പുതിയ ഭാഷയാണ് വനിതാമതിൽ.
നമ്മുടെ കരുത്തരായ ആരാധനാമൂർത്തികൾ സ്ത്രീകളാണ്. എന്നിട്ടും സ്ത്രീകൾക്ക് ആരാധനാസ്വാതന്ത്ര്യം ഇല്ലാതെപോകുന്നതെന്ന് ചിന്തിക്കണം. ഇതെല്ലാം എന്നിലെ എഴുത്തുകാരനെ അശാന്തനാക്കുന്നു.
വനിതാമതിൽ ആരുടേയും കൈയടിക്കല്ല, സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ്. വനിതാമതിൽ വിജയിപ്പിച്ചാൽ ലോകത്തിൽതന്നെ അതിന്റെ അലകൾ ഉണ്ടാകും.
സമൂഹത്തിലെ അടക്കിപ്പിടിച്ച നിലവിളികൾക്ക് എന്നും കാതോർക്കാൻ ശ്രമിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ, എഴുത്തുകാർ മുമ്പെങ്ങും കേൾക്കാത്ത നിലവിളി ഇപ്പോൾ കേൾക്കണം. വറ്റിവരണ്ട പുഴകളുടേയും ഇടിച്ചുനിരത്തപ്പെട്ട കുന്നുകളുടേയും നിലവിളിയാണത്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് എഴുത്തുകാരന്റെ പുതിയ ഉത്തരവാദിത്വമാണ്.
മരിക്കുന്നതുവരെ എഴുത്തുതുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.