ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികളില്‍ നിന്ന് വനം-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ പിന്‍മാറണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പാ ദേവസ്വം ഹാളില്‍ തീര്‍ഥാടനം ആരംഭിച്ചതിനുശേഷമുള്ള വിവിധ വകുപ്പുകളുടെ പ്രവ ര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ഭക്ഷ്യസുരക്ഷാ വകുപ്പ് ക്ഷേത്രത്തിലെ പ്രസാദം എടുത്ത് പരിശോധിച്ച സാഹചര്യം ഉണ്ടായി.മുന്‍കാലങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിനെയും തീര്‍ഥാടകരെയും ബുദ്ധിമുട്ടിക്കാത്ത പ്രവര്‍ത്തനങ്ങളാണ് വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. നിയമം അനുശാസിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കണം. എന്നാല്‍ ഇത്തരം നടപടികള്‍ ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളെയും ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത്. ഭക്ഷ്യസുരക്ഷാ വകുപ്പിനെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹില്‍ടോപ്പില്‍ വെളിച്ചക്കുറവുമൂലം മുമ്പ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കെഎസ്ഇബി താത്ക്കാലിക പോസ്റ്റ് സ്ഥാപിച്ചത് വനം വകുപ്പ് എടുത്തു മാറ്റിയ സംഭവം ഗൗരവമേറിയതാണ്. ഇത്തരം നടപടികള്‍ മൂലം തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ട വനം വകുപ്പ് ഉദേ്യാഗസ്ഥനായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.
ഓഖി ചുഴലിക്കാറ്റുമൂലമുണ്ടായ വലിയ ഒരു ദുരന്തം നേരിട്ടുകൊണ്ടിരിക്കുകയാണ് സംസ്ഥാനം. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പരസ്പരം പഴിചാരുന്നതുകൊണ്ട് കാര്യമില്ല. ജനങ്ങളുടെ വിലപ്പെട്ട ജീവന്‍ സംരക്ഷിക്കാനുള്ള മുന്‍കരുതലുകളാണ് ആവശ്യം. കോടിക്കണക്കിന് തീര്‍ഥാടകരെത്തുന്ന സ്ഥലമെന്ന നിലയില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയിലാവശ്യം. ഇതിനായി നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് പരമാവധി ഇളവുകള്‍ നല്‍കി തീര്‍ഥാടനം സുഗമമാക്കുന്നതിനാണ് എല്ലാ വകുപ്പുകളും ശ്രമിക്കേണ്ടത്.
പമ്പയില്‍ കെഎസ്ആര്‍ടിസി 40 വര്‍ഷത്തോളമായി പാര്‍ക്കിംഗിന് ഉപയോഗിച്ചിരുന്ന സ്ഥലം വനം വകുപ്പ് ഏറ്റെടുത്തതുമൂലം വാഹന പാര്‍ക്കിംഗിന് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇത് റോഡില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനും തീര്‍ഥാടകര്‍ മണിക്കൂറുകളോളം ട്രാഫിക് കുരുക്കുകളില്‍ പെടുന്നതിനും കാരണമാകാം. പാര്‍ക്കിംഗ് സ്ഥലം താത്ക്കാലികമായി കെഎസ്ആര്‍ടിസിക്ക് വിട്ടുകിട്ടുന്നതിന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അടിയന്തരമായി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടനകാലം ആരംഭിച്ചതുമുതല്‍ ഇതുവരെ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമായി നടക്കുന്നുണ്ട്. മണ്ഡലവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ എല്ലാ വകുപ്പുകളും കൂടുതല്‍ കാര്യക്ഷമമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കണം.
സന്നിധാനത്ത് ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ട്. എന്നാല്‍ പമ്പയില്‍ ഇത്തരത്തിലൊരു സംവിധാനമില്ലാത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കുന്നത് നിയന്ത്രണവിധേയമാക്കും. സ്വാമി അയ്യപ്പന്‍ റോഡിലെ വ്യാപാര സ്ഥാപനങ്ങളുടെ സമീപം ദേവസ്വം ബോര്‍ഡ് കൂടുതല്‍ ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. പാണ്ടിത്താവളത്ത് വന്യമൃഗങ്ങളുടെ ശല്യം കൂടുതലായി ഉണ്ടാകുന്നതിനാല്‍ വകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡിന്റെയും പ്രത്യേക സേനയുടെയും സേവനം കൂടുതല്‍ മെച്ചപ്പെടുത്തും. ഉരക്കുഴി മാലിന്യമുക്തമാക്കുന്നതിന് ഇക്കോ ഗാര്‍ഡുകളുടെ സേവനം ഉപയോഗിക്കുമെന്നും അപകടാവസ്ഥയിലുള്ള വൃക്ഷശിഖരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുള്ളതായും ഇനിയും ഇത്തരത്തിലുള്ള ശിഖരങ്ങളുണ്ടെങ്കില്‍ അവ അടിയന്തരമായി മുറിച്ചുമാറ്റുമെന്നും വനം വകുപ്പ് അറിയിച്ചു.
ആരോഗ്യ വകുപ്പ് സന്നിധാനത്തും പമ്പയിലും കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കുന്നതായി അറിയിച്ചു. തീര്‍ഥാടന കാലം ആരംഭിച്ചതിനുശേഷം ഇതുവരെ ഒമ്പത് മരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമായി നടന്നത്. ഇവയെല്ലാം തന്നെ ഹൃദയാഘാതം മൂലമുള്ളതാണ്. സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും ഓരോ ഓഫ്‌റോഡ് ആംബുലന്‍സുകള്‍ സജ്ജമാണ്. അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ഥാടകരെ സന്നിധാനത്ത് നിന്നും പമ്പയിലെത്തിക്കാന്‍ ഇവ ഉപയോഗിക്കാന്‍ കഴിയും. ഹോമിയോപ്പതി, ആയൂര്‍വേദ വകുപ്പുകളും സന്നിധാനത്തും പമ്പയിലും 24 മണിക്കൂറും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
തീര്‍ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത് തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലെത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ കഴിയൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതര സംസ്ഥാനങ്ങില്‍ നിന്നുവരുന്ന മുന്‍ഭാഗത്തിന് ഏറെ നീളമുള്ള ബസുകള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടുന്നത് ട്രാഫിക് തടസ്സത്തിന് കാരണമാകും. ഇത് ഒഴിവാക്കാന്‍ ഫ്രണ്ട് ഓവര്‍ഹെഡ് കുറവുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഡിസംബര്‍ 15ഓടെ തീര്‍ഥാടകരുടെ തിരക്ക് വന്‍തോതില്‍ വര്‍ദ്ധിക്കും. ഈ സാഹചര്യത്തെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ ആവശ്യമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. തീര്‍ഥാടനം തുടങ്ങി കഴിഞ്ഞ 23 ദിവസത്തിനിടയില്‍ 2500 തീര്‍ഥാടക വാഹനങ്ങള്‍ സേഫ് സോണ്‍ പദ്ധതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് റിപ്പയര്‍ ചെയ്ത് നല്‍കി. സേഫ്‌സോണില്‍ ഒറ്റപ്പെട്ട ചില അപകടങ്ങള്‍ മാത്രമേ ഈ കാലയളവിലുണ്ടായിട്ടുള്ളൂ.
ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. മുന്‍വര്‍ഷത്തേതില്‍ നിന്ന് 13.5 കോടിയോളം രൂപയുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. തീര്‍ഥാടകരുടെ ക്ഷേമത്തിനായി ദേവസ്വം ബോര്‍ഡ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് വിവിധ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനം അത്യാവശ്യമാ ണെന്നും പ്രസിഡന്റ് പറഞ്ഞു.
യോഗത്തില്‍ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് സിരിജഗന്‍, ദേവസ്വംബോര്‍ഡ് അംഗം കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, എഡിജിപി പി.വിജയന്‍, ജില്ലാ കളക്ര്‍ ആര്‍.ഗിരിജ, ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍.ചന്ദ്രശേഖരന്‍, വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ബോര്‍ഡ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.