ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാ മതിലിനായി തയ്യാറാക്കിയ രണ്ടു വീഡിയോ ഗാനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഒരു ഗാനം പൂർണമായി വനിതകൾ തന്നെ തയ്യാറാക്കിയതാണെന്ന പ്രത്യേകതയുമുണ്ട്.
” ഉണരുന്നൂ എന്റെ നാടുണരുന്നൂ
ഉണരുന്നു എന്റെ വീടുണരുന്നു..” എന്ന ഗാനം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് രചിച്ച് പുഷ്പവതി ആലപിച്ചിരിക്കുന്നു. ഇതിന്റെ സി. ഡി അന്തർദ്ദേശീയ ബോക്‌സിംഗ് താരം കെ. സി. ലേഖയ്ക്ക് നൽകിയാണ് മന്ത്രി പ്രകാശനം ചെയ്തത്. ഗായകനും സംഗീതജ്ഞനുമായ ശ്രീവൽസൻ ജെ. മേനോൻ സംഗീതം നൽകിയതാണ് മറ്റൊരു ഗാനം.
”മതിൽ പണിയുവതു മനസിലല്ല
മനു വിധികളുടെ വഴികളിൽ
സമജനാധിപനീതികൾതൻ
കോട്ടകാക്കും കാവലായി” എന്ന ഗാനം രചിച്ചിരിക്കുന്നത് ബിലു സി. നാരായണനാണ്. മനോജ് കാന ദൃശ്യാവിഷ്‌കാരം നിർവഹിച്ച വീഡിയോയുടെ സഹസംവിധാനം നിർവഹിച്ചിരിക്കുന്നത് ജീവ ജയദാസാണ്. മന്ത്രിയിൽ നിന്ന് രാധിക രാജശേഖരൻ സി. ഡി ഏറ്റുവാങ്ങി.