ശബരിമല: സന്നിധാനത്തെ സുരക്ഷാ പരിശോധനയ്ക്കായി കേരളാപോലീസ് നേരിട്ട് സ്ഥാപിച്ച ആധുനിക എക്സ്റെ പരിശോധനയന്ത്രം നടപ്പന്തലിന്റെ തുടക്കത്തില്‍ സന്നിധാനം പോലീസ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. അരക്കോടിയിലേറെ രൂപ മുടക്കിയാണ് കേരളാ പോലീസ് പരിശോധനയന്ത്രം വാങ്ങിയത്. സന്നിധാനത്ത് നിലവിലുള്ള എക്സ്റേ പരിശോധനയന്ത്രങ്ങള്‍ വാര്‍ഷിക അറ്റകുറ്റപണികളുടെ അഭാവംമൂലം പണിമുടക്കിയ സാഹചര്യത്തിലാണ് കേരളാ പോലീസ് നേരിട്ട് പമ്പയിലും സന്നിധാനത്തും എക്സ്റേ പരിശോധനയന്ത്രം സ്ഥാപിച്ചത്. ഇ.സി.എല്‍. എന്ന ഈ പരിശോധനയന്ത്രത്തിലൂടെ ലോഹഭാഗങ്ങളുടെ സാന്നിധ്യത്തിന് പുറമേ രാസവസ്തുക്കളുടെ സാന്നിധ്യവും തിരിച്ചറിയാന്‍ കഴിയും. സന്നിധാനത്തെത്തുന്നവരുടെ ബാഗേജുകള്‍ പരിശോധിക്കുന്നതിനായി നടപ്പന്തലിന്റെ തുടക്കത്തിലാണ് യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എ.എസ്.ഒ. പൃഥ്യരാജ്, ഡി.വൈ.എസ്.പി. വാഹിദ്, ബോംബ് ഡിക്റ്റഷന്‍ വിഭാഗം സ്റ്റോറിന്റെ ചുമതലയുള്ള എ.എസ്.ഐ. ഹരികുമാര്‍, ഹരിഹരന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.