ആലപ്പുഴ: പ്രളയാനന്തര സാമ്പത്തിക സഹായം ഇനി ലഭിക്കാനുള്ളത് അപ്പീൽ സമയം കഴിഞ്ഞ് അപേക്ഷ നൽകിയവർക്ക് മാത്രമാണെന്ന് ജില്ല കളക്ടർ എസ്.സുഹാസ്. 1200ൽതാഴെ പേർക്ക് മാത്രമാണ് ഇനി സഹായം ലഭിക്കാനുള്ളതെന്നും കളക്ടർ പറഞ്ഞു. ജില്ലാ വികസനസമതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പാ അച്ചൻകോവിലാർ ഭാഗത്ത് മാലിന്യമെറിയുന്നവർക്കെതിരെ നടപടിയെടുക്കും. തണ്ണീർത്തടം/സി.ആർ.ഇസഡ് പ്രതിസന്ധികളിലുടക്കി വീട് നിർമിക്കാനാകാത്തവർക്കായി ജനുവരിയിൽ അദാലത്ത് നടത്തുമെന്നും കളക്ടർ പറഞ്ഞു.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ സുനാമി പാക്കേജിൽപെടുത്തി അനുവദിച്ച 27 വീടുകൾ ഇതുവരെ പൂർത്തിയാകാത്ത കാര്യം കഴിഞ്ഞ സമതിയിൽ ആവശ്യമായി ഉന്നയിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കളിൽ പലരും ഗ്രാമ പഞ്ചായത്ത് മുഖേന നൽകുന്ന തുക കൈപ്പറ്റിയതല്ലാതെ മാനദണ്ഡപ്രകാരം വീടുപണി പൂർത്തിയാക്കിയിട്ടില്ലെന്നുള്ള റിപ്പോർട്ടാണ് സമതിയിലെത്തിയത്. ലൈഫ് പദ്ധതിയിൽ ഈ വീടുകളുൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കളക്ടർ നിർദേശിച്ചു. വിവിധ പദ്ധതികളിലായി ജില്ലയ്ക്ക് അനുവദിച്ച തുകയിൽ 36 ശതമാനം തുകയും നൽകിയ തുകയിൽ 76ശതമാനവുമാണ് ചെലവായിരിക്കുന്നത്. യോഗത്തിൽ ജില്ല പ്ലാനിങ് ഓഫീസർ കെ.എസ് ലതി, എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കളക്ടർ എസ്. സന്തോഷ്‌കുമാർ ഡപ്യൂട്ടി പ്ലാനിങ് ഓഫീസർ മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.