കേരളത്തിലെ സ്ത്രീകൾ പ്രതിരോധത്തിന്റെ മതിൽ കെട്ടിപ്പടുത്തത് സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങൾ ഭാവിതലമുറയ്ക്ക് വേണ്ടി മുന്നോട്ടുകൊണ്ടുപോകാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ, സ്ത്രീവിരുദ്ധ, വിഷലിപ്ത ശക്തികളെ തിരിച്ചറിയണമെന്നും അവർ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീ തുല്യതയ്ക്കുമായി സംഘടിപ്പിച്ച ‘വനിതാമതിലി’നോടനുബന്ധിച്ച് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്.
മതവും മതവികാരങ്ങളും എന്നും സ്ത്രീകൾക്ക് രണ്ടാംതരം പൗരത്വം നൽകാൻ ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ വിവേചനവും അക്രമവും നമ്മൾ നേരിടുന്ന യാഥാർഥ്യമാണ്.
നവോത്ഥാന നായകരുടെയും സ്ത്രീകളുടെയും എക്കാലത്തേയും പോരാട്ടങ്ങൾക്ക് പിന്തുണയും സഹായവും നൽകിയത് പുരോഗമനപ്രസ്ഥാനങ്ങളാണ്. അയ്യൻകാളി, നാരായണഗുരു, മന്നത്തു പത്മനാഭൻ തുടങ്ങിയവരുടേയും ഒട്ടേറെ ക്രിസ്ത്യൻ, മുസ്‌ലിം നവോത്ഥാന നായകരുടേയും പാരമ്പര്യം നമ്മൾ മുന്നോട്ടുകൊണ്ടുപോകണം.
പണ്ട് നവോത്ഥാന നായകരെ എതിർത്തവർ ഇപ്പോൾ പുനരവതാരം ചെയ്്തിട്ടുണ്ട്. അതിനെ എതിർക്കുകയും പോരാടുകയും ചെയ്യണം. നമുക്കുവേണ്ടി മാത്രമല്ല, ഭാവി തലമുറയ്ക്കുകൂടി വേണ്ടിയാണത്.
സ്ത്രീഅവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ കേരളം എന്നും മുൻപന്തിയിലായിരുന്നു. സംസ്ഥാന സർക്കാർ ഭരണഘടനാപരമായ സ്ത്രീനീതിക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും അവർ പറഞ്ഞു. സ്ത്രീകളെ ഇരുണ്ടയുഗത്തിലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് സ്ത്രീശക്തിയുടേയും ഐക്യത്തിന്റെയും മുന്നിൽ മുട്ടുമടക്കേണ്ടിവരുമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
സ്ത്രീവിരുദ്ധതയ്‌ക്കെതിരായ മതിലാണ് കേരളമാകെ ഉയർന്നതെന്ന് ചടങ്ങിൽ സംസാരിച്ച ദേശീയ മഹിളാ ഫെഡറേഷൻ അധ്യക്ഷ ആനി രാജ പറഞ്ഞു. സ്ത്രീപക്ഷ നിയമങ്ങളൊന്നും വെള്ളിത്താലത്തിൽ ലഭിച്ചതല്ലെന്നും രാജ്യത്തെ സ്ത്രീകളുടെ പോരാട്ടവും രക്തവും അതിനു പിന്നിലുണ്ടെന്ന് അവർ പറഞ്ഞു. അത്തരത്തിൽ മുന്നോട്ടുവരുമ്പോൾ ഇരുളിന്റെ അറകളിലേക്ക് പിന്നോട്ടടിക്കാനാണ് പരിശ്രമമെന്നും ആനി രാജ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ പിന്നോട്ടുനയിക്കാനാവില്ലെന്നതിന്റെ തെളിവാണീ മതിലെന്ന് ചടങ്ങിൽ സംസാരിച്ച സാമൂഹ്യപ്രവർത്തക ഭാഗ്യലക്ഷ്മി പറഞ്ഞു. കെ.പി.എം.എഫ് പ്രസിഡൻറ് ലൈലാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി വനിതാവിഭാഗം നേതാവ് ഗീതാ മധു, ചലച്ചിത്രസംവിധായക വിധു വിൻസൻറ്, സാമൂഹ്യപ്രവർത്തക ധന്യരാമൻ തുടങ്ങിയവർ സംബന്ധിച്ചു. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി. ജയരാജൻ, ഡോ. തോമസ് ഐസക്, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വനിതാ, സാമുദായിക, തൊഴിലാളി സംഘടനാപ്രതിനിധികൾ, തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. മതിൽ തീർക്കുന്നതിനുമുന്നോടിയായി വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ വനിതാ സംഘടനാനേതാക്കളും പുഷ്പാർച്ചനയും നടത്തി.