ഹരിപ്പാട്: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ തകർത്തെറിയാൻ ആരെയും അനുവദിക്കില്ലെന്നും അതിന് ശ്രമിക്കുന്നവരെ ജനം തിരിച്ചറിഞ്ഞെന്നും സജി ചെറിയാൻ എം.എൽ.എ. പറഞ്ഞു. വനിതാ മതിലിന്റെ ഭാഗമായി തോട്ടപ്പള്ളിയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിൽ തന്നെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇത്രയധികം സ്ത്രീകൾ ഒരുമിച്ച് കൂടിയത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കുള്ള തിരിച്ചടിയാണ്. സംസ്ഥാന സർക്കാർ പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ച ഈ നവോത്ഥാന വനിതാ മതിലിന് പിന്തുണ അറിയിച്ച വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ തുടങ്ങി 177 സാമുദായിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർക്കുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. യോഗത്തിൽ പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാ മതിലിൽ എത്തിയവർക്ക് കൃഷ്ണമ്മ പ്രതിജ്ഞ ചൊല്ലി കൊടുത്തു.