കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോട് സംസ്ഥാന സർക്കാരിന് കടുത്ത വിയോജിപ്പാണുള്ളത്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. വിമാനത്താവളം കയ്യൊഴിയാനാണ് കേന്ദ്രം തീരുമാനിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുമ്പോട്ടുപോവുകയാണ്. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയിൽ നിന്ന് ബിഡ് ക്ഷണിച്ചിരിക്കുകയാണ്.

സംസ്ഥാനം നൽകിയ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായത്. സംസ്ഥാനം നൽകിയ ഭൂമിയുടെ വില ഓഹരിമൂലധനമായി മാറ്റാൻ നേരത്തെ കേന്ദ്രസർക്കാർ സമ്മതിക്കുകയും ചെയ്തിരുന്നു.

വിമാനത്താവളം കൈമാറുമ്പോൾ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഭൂമി കൈമാറാൻ സാധ്യമാണോ എന്ന ഗൗരവമായ നിയമപ്രശ്‌നവും ഇക്കാര്യത്തിൽ ഉയർന്നുവന്നിട്ടുണ്ട്. വിമാനത്താവള വികസനത്തിന് എല്ലാവിധ പിന്തുണയും സംസ്ഥാന സർക്കാർ നൽകുന്നതിനിടയിലാണ് സ്വകാര്യവൽക്കരണ തീരുമാനം വന്നത്. വികസനത്തിന് 18 ഏക്കർ കൂടി സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയുമാണ്.

ഒരുകാരണവശാലും വിമാനത്താവളം സ്വകാര്യമേഖലയിലേയ്ക്ക് പോകരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് എയർ
പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിച്ച ബിഡിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

1. കൺസോർഷ്യം രൂപീകരിച്ച് ബിഡിൽ പങ്കെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ലീഗൽ കൺസൾട്ടന്റായി പ്രമുഖ ലീഗൽ കൺസൾട്ടന്റ് സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തെ നിയോഗിക്കാൻ ഇന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
2. ടെക്‌നിക്കൽ കം ഫിനാൻഷ്യൽ കൺസൾട്ടന്റിനെ ജനറൽ കൺസൾട്ടന്റായി നിയമിക്കുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനും ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായി കമ്മിറ്റിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
സംസ്ഥാനം നൽകിയ ഭൂമി
വിമാനത്താവളം സ്ഥാപിക്കുന്നതിന് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് നൽകിയ 257.9 ഏക്കറും പിന്നീട് കേരള സർക്കാർ നൽകിയ 32.56 ഏക്കറും ഉൾപ്പെടെ 290.46 ഏക്കർ ഭൂമി സംസ്ഥാനം സൗജന്യമായി നൽകിയിട്ടുണ്ട്. കൂടാതെ 18 ഏക്കർ ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നു.