സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതു മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിനാണെന്നു ആരോഗ്യ,ശിശു- വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വനിതാ മതിലില്‍ ആദ്യ കണ്ണിയായി അണിനിരന്ന ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വനിതാ മതിലിന്റെ വിജയം വര്‍ഗീയ ശക്തികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരുട്ടിന്റെ ശക്തികള്‍ക്ക് കേരളത്തില്‍ ആധിപത്യം നേടാനുള്ള ശ്രമം തടയും. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വ്യത്തികെട്ട ആചാരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് പലഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നത്.
മതേതരത്വവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കുന്നതിന് സ്വാതന്ത്ര പാരമ്പര്യമുള്ള കോണ്‍ഗ്രസ് മുന്നോട്ട് വരുന്നതിന് പകരം ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയാണ് ചെയ്യുന്നത്.സ്ത്രീക്കും-പുരുഷനും ജൈവശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ട്. ആര്‍ത്തവം സ്ത്രീകള്‍ക്ക് അശുദ്ധിയല്ല.സന്താനോദ്പാദത്തിനുള്ള ജൈവികപ്രക്രിയയാണ്. വിവാഹിതയായ താഴ്ന്ന വിഭാഗം സ്ത്രീകളുടെ കന്യകാത്വം ജന്മിമാര്‍ക്കും ഭൂപ്രഭുക്കന്‍മാര്‍ക്കും സമര്‍പ്പിക്കേണ്ടി വരുന്ന ദുരവസ്ഥ കേരളത്തിലുണ്ടായിരുന്നു. താഴ്ന്ന വിഭാഗം സ്ത്രീകള്‍ക്ക് മാറ് മറക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല. നമ്പൂതിരി സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മറക്കുട പിടിച്ച് നടക്കേണ്ടിയിരുന്നു. ക്ഷേത്രങ്ങളില്‍ ദൈവത്തിന് മുമ്പില്‍ മാറിടം കാണിക്കേണ്ട ദയനീയാവസ്ഥയും മുമ്പുണ്ടായിരുന്നു. ഉയര്‍ന്ന വിഭാഗം സ്ത്രീകള്‍ ജോലിചെയ്തിരുന്ന തൊഴിലിടങ്ങളില്‍ സവര്‍ണ വിഭാഗം ‘വേശ്യാലയം’ എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കേരളത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവര്‍ ചരിത്രം പഠിക്കണം. നന്മ ചെയ്ത് ജീവിക്കുന്ന സ്ത്രീയ്ക്കും പുരുഷനും മഹത്തായ പ്രതിഫലം ലഭിക്കുമെന്നാണ് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത്. ഒരു മതവും സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുമ്പാണ്ടായിരുന്ന ദുരാചാരങ്ങളാണ് ഇപ്പോള്‍ ആചാരങ്ങളായി പുനരവതരിപ്പിക്കുന്നത്. സതിയുള്‍പ്പെയുള്ള ഹീന ആചാരങ്ങളെ ബ്രീട്ടീഷ്‌കാര്‍ നിരോധിച്ചപ്പോള്‍ അതിനെതിരെ സമരം ചെയ്തവരുടെ പിന്തുടര്‍ച്ചക്കാരാണ് സമൂഹത്തില്‍ സമത്വത്തിനും നീതിക്കും നിരക്കാത്ത ആചാരങ്ങള്‍ സൃഷ്ടിക്കുന്നത്. അടിമത്വവും ജന്മിത്വവും നാടുവാഴിത്തവും അവസാനിപ്പിക്കുന്നതിനും സമൂഹത്തില്‍ ഉണ്ടായിരുന്ന ദുരാചാരങ്ങള്‍ക്കെതിരെയും പോരാട്ടം നടത്തിയിരുന്നത് ഇവിടത്തെ താഴ്ന്ന വിഭാഗം ആളുകളായിരുന്നു. വേദം പഠിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന നിയമം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാണ്.ചാതുര്‍വര്‍ണ്യം ദൈവസൃഷ്ടിയാണെന്ന് പ്രചരിപ്പിച്ച് വിശ്വാസികളില്‍ ഭീതിയുണ്ടാക്കിയാണ് പാവപ്പെട്ടവരെ വരേണ്യവര്‍ഗം ചൂഷണം ചെയ്തിരുന്നത്. അടിമകളെ ചങ്ങലകളില്‍ ബന്ധിച്ചായിരുന്നു തൊഴിലിടങ്ങളില്‍പോലും ജോലിചെയ്യിപ്പിച്ചിരുന്നത്. താഴ്ന്ന വിഭാഗക്കാരെ പലതരത്തിലുള്ള ക്രൂരതകള്‍ക്കും ഇരയാക്കിയിരുന്നു. പ്രസവ സമയത്ത് പോലും അടിമസ്ത്രീയുടെ കാലുകള്‍ ചങ്ങലകളില്‍ നിന്നു മോചിതമായിരുന്നില്ല. ഇത്തരത്തിലുള്ള എല്ലാ അനീതികള്‍ക്കെതിരെയും ശക്തമായ പോരാട്ടം നടത്തിയാണ് കേരളം ഇന്നു കാണുന്ന പുരോഗതി കൈവരിച്ചതെന്നും മന്ത്രി പഞ്ഞു.