ചെങ്ങന്നൂർ : സമഗ്രശിക്ഷ കേരള, ബി.ആർ.സി ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുളള സാമൂഹ്യ ഉൾച്ചേരൽ പരിപാടിയായ തണൽകൂട്ടം ദ്വിദിന സഹവാസക്യാമ്പ് നടന്നു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ വൈവിധ്യമാർന്ന കഴിവുകൾ തിരിച്ചറിയാനും, സാമൂഹത്തിനു മുന്നിൽ പ്രകടിപ്പിക്കാനുമുള്ള ഒരു വേദിയാണ് സഹവാസക്യാമ്പ്. നവകേരളനിർമ്മിതി സാധ്യമാകുന്നതിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള പങ്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ആശയം കൂടി സഹവാസക്യാമ്പ് മുന്നോട്ട് വയ്ക്കുന്നു.കൃത്യമായ മൊഡ്യൂൾ പ്രകാരം കളിപാഠം, കൊട്ടും പാട്ടും, രുചിമേളം എന്നിങ്ങനെ വിവിധ കോർണർ പ്രവർത്തനങ്ങളിലൂടെ 40 കുട്ടികൾ ഈ ക്യാമ്പിന്റെ ഭാഗമായി. ബി.ആർ.സി ട്രെയിനർ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ, സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസർ സിദ്ദിഖ്, തലവടി ബി.പി.ഒ ബിജു, രക്ഷകർതൃപ്രതിനിധി മീരാഭായി എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ബി.പി.ഒജി കൃഷ്ണകുമാർ സ്വാഗതവും റിസോഴ്സ് അധ്യാപിക . റീന റ്റി നന്ദിയും പറഞ്ഞു.