തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് മെഷീൻ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിൽ സുതാര്യത ഉറപ്പുവരുത്തേണ്ടതാണെന്നും എങ്കിൽ മാത്രമേ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകുവെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

വോട്ട് രേഖപ്പെടുത്തിയത് ആർക്കാണെന്നു വ്യക്തമാവുന്നതാണ് വിവിപാറ്റ് മെഷീൻ. ജില്ലാതലത്തിൽ നിരവധി പരിശീലകരെ ഉൾപ്പെടുത്തികൊണ്ട് രൂപീകരിക്കുന്ന ഗ്രൂപ്പാണ് വിവിപാറ്റുമായി ബന്ധപ്പെട്ട പ്രചാരണം, വിശദീകരണം, നിർവഹണം തുടങ്ങിയവ നടത്തുക. ഒരു വോട്ടർ രേഖപ്പെടുത്തിയ വോട്ട് അയാൾ ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെയാണ് ലഭിച്ചതെന്നു കണ്ടെത്താൻ എന്തുമാർഗമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് വിവിപാറ്റ് സംവിധാനം രാജ്യത്ത് നടപ്പാക്കിയത്. ആദ്യമായി വിവിപാറ്റ് സംവിധാനം എർപ്പെടുത്തിയത് 2013-ൽ നാഗാലാന്റിലാണ്. വോട്ട് രേഖപ്പെടുത്തുമ്പോൾ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ സീരിയൽ നമ്പറും പേരും ചിഹ്നവും സ്‌ക്രീനിൽ തെളിയും. ഏഴു സെക്കന്റിനുശേഷം പേപ്പർ സ്ലിപ്പ് ഡ്രോ ബോക്‌സിൽ വീഴുന്ന സമയത്താണ് കൺട്രോളിങ് യൂണിറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വോട്ട് രേഖപ്പെടുത്തുക. വിവിപാറ്റിൽ പ്രിന്റ് ചെയ്യാതെ വന്നാൽ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസ്സിലാക്കാം.

സംസ്ഥാനതല പരിശീലകരായ വി. അബൂബക്കർ, എം.വി മാത്യു എന്നിവർ വിവിപാറ്റ് സംവിധാനം പരിചയപ്പെടുത്തി. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, എഡിഎം കെ. അജീഷ്, ഡെപ്യൂട്ടി കളക്ടമാരായ ടി. ജനിൽ കുമാർ, ഇ.പി മേഴ്‌സി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശ്, തഹസിൽദാർമാർ, തെരഞ്ഞെടുപ്പിനു വേണ്ടി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.