കുട്ടികളിലെ കാഴ്ച വൈകല്യം പരിഹരിക്കുന്നതിന് ഗവ.ആയുര്‍വേദ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച ദൃഷ്ടി പദ്ധതി വിജയത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചികിത്സ ആരംഭിച്ച ഏഴു കുട്ടികളുടെ കാഴ്ചത്തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നവനീത കെ.പി യും ദൃഷ്ടി പദ്ധതി കണ്‍വീനര്‍ ഡോ.ജെറോം വി.കുര്യനും. ഏഴു വയസു മുതല്‍ പതിനെട്ട് വയസു വരെയുള്ള കുട്ടികള്‍ക്ക് ഇവരുടെ നേതൃത്വത്തിലാണ് ചികിത്സ ലഭ്യമാക്കുന്നത്. സ്‌കൂള്‍ തലത്തില്‍ കാഴ്ച പരിശോധന ക്യാംപുകള്‍ നടത്തിയാണ് ചികിത്സ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നത്.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അറിയിക്കുന്ന സ്‌കൂളുകളിലാണ് ക്യാംപുകള്‍ നടത്തുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. ഇതു വരെ കാഴ്ച പരിശോധന നടത്തിയ 1200 കുട്ടികളില്‍ 250 പേര്‍ക്ക് കാഴ്ച വൈകല്യം കണ്ടെത്തിയിരുന്നു. ചികിത്സ ആവശ്യമായ കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുമായി ഒ. പി യിലെത്താനുള്ള നിര്‍ദേശം നല്‍കും.
ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ കഷായം നല്‍കും. തുടര്‍ന്ന് സ്‌നേഹപാനം, നസ്യം, ശിരോധാര, ശിരോപിച്ചു, അഞ്ജനം, തര്‍പ്പണം, പുടപാകം എന്നിങ്ങനെയാണ് ചികിത്സാ ക്രമം.
തുടര്‍ ചികിത്സ ആവശ്യമായ കുട്ടികള്‍ക്ക് സ്‌കൂള്‍ അവധി കണക്കിലെടുത്താണ് കിടത്തി ചികിത്സ നല്‍കുന്നത്. ക്യാംപുകളില്‍ കുട്ടികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകളും നല്‍കുന്നുണ്ട്. കണ്ണുകള്‍ക്കുള്ള വ്യായാമം സംബന്ധിച്ച് കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ഉപയോഗം കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്നതാണ് മിക്ക കാഴ്ചവൈകല്യങ്ങള്‍ക്കും അടിസ്ഥാന കാരണമാകുന്നതെന്ന് സിഎംഒ ഡോ.ആര്‍.വി അജിത്ത് പറഞ്ഞു. പായ്ക്കറ്റ് ഭക്ഷണം ക്രമാതീതമായി കഴിക്കുന്നതും കിടന്നു കൊണ്ട് ടി.വി കാണുന്നതും ഉറക്കം കുറയുന്നതും കുട്ടികളില്‍ കാഴ്ചത്തകരാറുകള്‍ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. ദൃഷ്ടി പദ്ധതിയില്‍ ചികിത്സ തേടിയവര്‍ ഉപയോഗിച്ചിരുന്ന പവര്‍ കൂടിയ കണ്ണടയുടെ പവര്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ കണ്ണ് പരിശോധനാ ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പുറമേ നേരിട്ട് ഒ. പി യിലെത്തുന്ന കുട്ടികള്‍ക്കും പദ്ധതിയുടെ കീഴില്‍ ചികിത്സ ലഭ്യമാക്കുന്നുണ്ട്.