കൊച്ചി: ചേരാം ചേരാനെല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോൽ ദാനം നടത്തി. ആവരി ഡെന്നിസണ്‍ മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ഭരദ്വാജും ഹൈബി ഈഡൻ എംഎൽഎയും ചേർന്നാണ് താക്കോൽദാനം നിർവഹിച്ചത്.
ചേരാനല്ലൂർ പഞ്ചായത്തിലെ 17-ാം വാര്‍ഡിൽ കുണ്ടോണിപ്പറമ്പിൽ ജൂഡ്സണ്‍ ആന്‍റണിയുടെ വീടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറിയത്. റോട്ടറി കൊച്ചിന്‍ ഇന്‍റര്‍നാഷണൽ ആണ് വീടിന്‍റെ സ്പോണ്‍സര്‍.പ്രായമായ അമ്മയും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന്‍റെ വീട് പ്രളയത്തെ തുടര്‍ന്ന് ഇടിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു.ജൂഡ്സണിന്‍റെ തുച്ചമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്‍റെ ഏക ജീവിതമാര്‍ഗ്ഗം. ഇവരുടെ സാഹചര്യങ്ങള്‍ ശ്രദ്ധയിൽപെടുത്തിയതിനെ തുടര്‍ന്നാണ് റോട്ടറി കൊച്ചിന്‍ ഇന്‍റര്‍നാഷണൽ ഈ ഭവനം നിര്‍മ്മിച്ച് നൽകാനുള്ള സന്നദ്ധത അറിയിച്ചത്.450 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിൽ പൂര്‍ത്തീകരിച്ചിരിക്കുന്ന വീട്ടിൽ രണ്ട് കിടപ്പു മുറികളും അടുക്കളയും ഡൈനിംഗ് ഹാളും ഒരു ബാത്ത് റൂമും ആണുള്ളത്. 60 ദിവസം കൊണ്ടാണ് വീടിന്‍റെ നിര്‍മ്മാണം പൂർത്തീകരിച്ചത്.
പ്രളയ പുനര്‍നിര്‍മ്മാണത്തിൽ സ്തുത്യാര്‍ഹമായ സേവനമാണ് റോട്ടറി ക്ലബുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ഹൈബി ഈഡന്‍ എം.എൽ .എ പറഞ്ഞു. തണൽ ഭവന പദ്ധതിയിൽ ഇതിനകം 13 വീടുകൾക്കാണ് തറക്കല്ലിട്ടത്.
ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ രാജ്മോഹന്‍ നായര്‍, റോട്ടറി ക്ലബ് ചെയര്‍മാന്‍ റെജി രാമന്‍, റോട്ടറി കൊച്ചിന്‍ ഇന്‍റര്‍നാഷണൽ പ്രസിഡന്‍റ് മാത്യു കെ.ടി, ഭാരവാഹികളായ ആര്‍ വി എസ് പിള്ള, മാത്യു സി ജോര്‍ജ്, എസ്.ആര്‍ നായര്‍, എബ്രഹാം ജോര്‍ജ്, മദന്‍, റെജി സ്ക്കറിയ, രാജീവ് നായര്‍, രാജീവ് വൈലോപ്പിള്ളി, ഉണ്ണി, അഡ്വ.മനോജ് ഐ.എം, പ്രദീപ് കുമാര്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു, മെമ്പര്‍ ലിസി വാര്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ തണൽ ഭവന പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോൽ ദാനം ആവരി ഡെന്നിസണ്‍ മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ഭരദ്വാജും ഹൈബി ഈഡൻ എംഎൽഎയും ചേർന്ന് നിർവഹിക്കുന്നു