വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓരോ ക്ലാസ് മുറിയും കുട്ടികളുടെ വിശ്രമ-വിനോദ കേന്ദ്രങ്ങളാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ചട്ടുകപ്പാറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശാസ്ത്രത്തിളക്കം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2.15 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു.
വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി മാറ്റങ്ങളും വളര്‍ച്ചയും ഉണ്ടായിട്ടുള്ള കാലഘട്ടമാണിത്. ഇന്നത്തെ കുട്ടികള്‍ അതീവ ബുദ്ധിശാലികളാണ്. കുട്ടികളില്‍ അറിവിന്റെ മേഖല അതിവേഗം വളര്‍ന്നു വരികയാണ്. ഇതിനനുസൃതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടണം. അക്കാദമിക വിഷയങ്ങള്‍ ചിന്തയെ പ്രചോദിപ്പിക്കുന്നതാവണം. ബുദ്ധിയെ മരവിപ്പിക്കുന്നതാകരുത്. അതിന് ക്ലാസ് മുറികള്‍ മെച്ചപ്പെടണം. ആധുനിക ഉപകരണങ്ങള്‍ അടങ്ങുന്ന സ്മാര്‍ട്ട്  ക്ലാസ് റൂമുകളിലൂടെ ലോകത്തെ അടുത്തറിയണം. അതിലൂടെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുട്ടികള്‍ ഉയരുന്നത്. ഇതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്.
പോയവര്‍ഷം ഒന്നര ലക്ഷം കുട്ടികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെത്തിയത്. 2019-20 വര്‍ഷത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ വഴി ആവശ്യമായ യൂണിഫോമുകള്‍ ഉല്‍പാദിപ്പിക്കും. ഇതിന് പുറമെ അടുത്ത അധ്യയന വര്‍ഷം കേരളത്തിലെ സ്‌കൂളുകളില്‍ യോഗ പരിശീലനം ആരംഭിക്കും. ചട്ടുകപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലേ ഗ്രൗണ്ട് മെച്ചപ്പെടുത്തുന്നതിന് 10 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അടല്‍ ടിങ്കറിംഗ് ലാബ് പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലനും,  ആര്‍എംഎസ്എ കെട്ടിട ശിലാസ്ഥാപനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരിയും നിര്‍വഹിച്ചു. വിദഗ്ധരുടെ സഹായത്തോടെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് 130 ഓളം പ്രദര്‍ശന വസ്തുക്കളാണ് ശാസ്ത്രത്തിളക്കം പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ തയ്യാറാക്കിയത്. ഇതിന് പുറമെ പരിയാരം മെഡിക്കല്‍ കോളേജിലെയും, ശില്‍പ്പി മനോഹരന്‍ കുറ്റിയാട്ടൂരിന്റെ ശില്‍പ്പങ്ങളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഇടം നേടിയിരുന്നു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എ വി ജയരാജന്‍, തളിപ്പറമ്പ് ഡി ഇ ഒ കെ രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ കെ രവി, തുടങ്ങിയവര്‍ പങ്കെടുത്തു.