സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി’, ‘ഡീസൽ ഓട്ടോറിക്ഷാ പദ്ധതി’, ‘ആദിവാസി മഹിളാ സശാക്തീകരൺ യോജന’ എന്നിവയ്ക്കായി വായ്പ അനുവദിക്കുന്നതിന് കേരളത്തിലെ വിവിധ ജില്ലകളിലെ  പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
രണ്ടുലക്ഷം രൂപ പദ്ധതി തുകയായ ‘പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി’ പ്രകാരം അനുവദനീയമായ വായ്പാതുകയ്ക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
‘ഡീസൽ ഓട്ടോ പദ്ധതി’യ്ക്ക് പരമാവധി 2.30 ലക്ഷം രൂപയാണ് പദ്ധതി തുക. ഓട്ടോ ഓടിക്കാനുള്ള ലൈസൻസും ബാഡ്ജും ഉള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ഈ രണ്ടു പദ്ധതികൾക്കും വായ്പാ തുക ആറുശതമാനം പലിശ സഹിതം അഞ്ചുവർഷം കൊണ്ടു തിരിച്ചടയ്ക്കണം.
50,000 രൂപ പദ്ധതി തുകയുള്ള ‘ആദിവാസി മഹിളാ സശാക്തീകരൺ യോജന’ക്ക് െതാഴിൽരഹിത പട്ടികവർഗ യുവതികൾക്ക് അപേക്ഷിക്കാം. ഇതിന്റെ വായ്പാതുക നാലുശതമാനം വാർഷിക പലിശനിരക്കിൽ അഞ്ചുവർഷം കൊണ്ടു തിരിച്ചടയ്ക്കണം.
അപേക്ഷകർ പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരും, 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 1,20,000 രൂപയിലും കവിയാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തുജാമ്യമോ ഹാജരാക്കണം. താത്പര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപറേഷന്റെ അതതു ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടണം.