ജില്ലയിൽ റിപബ്ലിക് ദിനം വിപുലമായി ആഘോഷിക്കാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനുവരി 22, 23, 24 തിയ്യതികളിൽ രാവിലെ 7.30 മുതൽ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ പരേഡിന്റെ റിഹേഴ്‌സൽ നടക്കും. പൊലിസ്, എക്‌സൈസ്, വനംവകുപ്പുകളുടെയും എൻസിസി, എൻഎസ്എസ്, എസ്പിസി കേഡറ്റുകളും അടങ്ങുന്ന 25 പ്ലാറ്റൂണുകൾ അണിനിരക്കും. റിഹേഴ്‌സലിനും റിപബ്ലിക് ദിന പരേഡിനും വിദ്യാർഥികളെ ഗ്രൗണ്ടിലേക്കും തിരിച്ചുമെത്തിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗകര്യമൊരുക്കണമെന്നു കളക്ടർ നിർദേശിച്ചു. ഓരോ സ്‌കൂളിൽ നിന്നുള്ള യൂണിറ്റുകളുടെ കൂടെ അതേ സ്‌കൂളിൽ നിന്നു തന്നെയുള്ള ഇൻസ്ട്രക്ടർമാർ നിർബന്ധമായി ഉണ്ടായിരിക്കണം. പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാവും ചടങ്ങുകൾ. വൈദ്യുതി, വെളിച്ചം, ഫ്‌ളാഗ് പോസ്റ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഏർപ്പെടുത്തും. ജനുവരി 26നു രാവിലെ എട്ടിനു പരിപാടികൾ തുടങ്ങും. സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. നവോദയ, കേന്ദ്രീയ വിദ്യാലയം, എംആർഎസ് വിദ്യാർഥികളുടെ ദേശഭക്തിഗാനവും സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ചുമതല. പരേഡിൽ പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണമുണ്ടാവും. റിഹേഴ്‌സൽ ദിനങ്ങളിൽ കുടുംബശ്രീ മുഖാന്തരമാണ് പ്രഭാത ഭക്ഷണം നൽകുക. സൗജന്യമായി പാൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മിൽമ മലബാർ മേഖലാ മാനേജിങ് ഡയറക്ടർക്കും കൽപ്പറ്റ ഡയറി മാനേജർക്കും കത്ത് നൽകാൻ യോഗം തീരുമാനിച്ചു. പരേഡ് ഗ്രൗണ്ടിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ യൂണിറ്റ് സജ്ജമാക്കും. പരേഡിൽ പങ്കെടുക്കുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. ഒരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ്, ജില്ലാതല ഉദ്യോഗസ്ഥർ, പൊലിസ് ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.