കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പുമായി കർഷകർ സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഉരുക്കളിൽ കുളമ്പുരോഗ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്. ലക്ഷണം പ്രകടമാക്കുന്ന ഉരുക്കളെ കേരളത്തിലേക്ക് കൊണ്ടുവരരുത്. അവശനിലയിലുള്ള മൃഗങ്ങളിൽ കുളമ്പുരോഗം, കുരലടപ്പൻ രോഗം എന്നിവ വരാൻ സാധ്യതയേറെയാണ്. ഇക്കാര്യത്തിൽ ക്ഷീര കർഷകർ ജാഗ്രത പുലർത്തണം.
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിൽ കുളമ്പുരോഗം പടർന്നുപിടിക്കാൻ സാധ്യതയേറെയാണ്. വനവുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ ഉരുക്കളെ നിർബന്ധമായും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കുന്നതിന് വനംവകുപ്പിന്റെ സഹായം വേണം. മൃഗസംരക്ഷണ വകുപ്പ് ഉദേ്യാഗസ്ഥർ വീടുകൾ സന്ദർശിച്ച് ഉരുക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. കന്നുകാലികൾ, പന്നി എന്നിവയെയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. നാലു മാസത്തിനു മുകളിൽ പ്രായമുള്ള ഉരുക്കളെയെല്ലാം നിർബന്ധമായി കുത്തിവയ്പിന് വിധേയമാണം. ആരോഗ്യമില്ലാത്തവയും പൂർണ ഗർഭിണികളുമായ ഉരുക്കളെ കുത്തിവയ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൃഗമൊന്നിന് 10 രൂപ നിരക്കിൽ കർഷകരിൽ നിന്ന് ഈടാക്കും. പട്ടികവർഗ വിഭാഗത്തിന് സൗജന്യമാണ്. ജില്ലയിൽ ആകെ 72,677 കന്നുകാലികൾ, 5,166 പോത്തുകൾ, 3,577 പന്നികൾ എന്നിവയെയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. ഇതിൽ കഴിഞ്ഞ വർഷം 65 ശതമാനം ഉരുക്കളെ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കിയിരുന്നു.