ശബരിമല: ശബരിമലയില്‍ ജോലിനോക്കുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥന്‍മാര്‍ക്ക് അന്നമേകുന്ന സ്ഥാപനമാണ് ദേവസ്വം മെസ്സ്. പൊലീസ് ഉദ്യോഗസ്ഥരൊഴികെയുള്ള 4500 ല്‍ പരം ജീവനക്കാര്‍ ഭക്ഷണത്തിനായി ദിവസവും ദേവസ്വം മെസ്സിനെയാണ് ആശ്രയിക്കുന്നത്. രാവിലെ എഴുമുതല്‍ പ്രാതലും പിന്നീട് ഉച്ചയൂണും അത്താഴവും നല്‍കി രാത്രി 9.30 ഓടെ മാത്രമേ മെസ്സ് അടയ്ക്കുകയുള്ളു. വൈകുന്നേരം നാലിന് ചായയും ചെറുകടിയും ഉണ്ടാകും. 45 ല്‍ അധികം പാചകക്കാരാണ് ജീവനക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കാനായി മെസ്സില്‍ പണിയെടുക്കുന്നത്. ഇതിന് പുറമേ അന്‍പതോളം ജീവനക്കാര്‍ വിളമ്പാനുമുണ്ട്. ഉച്ചക്ക് വിഭവ സമൃദ്ധമായ പുഴുക്കലരിച്ചോറും സാമ്പാറും പുളിശ്ശേരിയും രസവുമാണെങ്കില്‍ വൈകുന്നേരം ചപ്പാത്തിയും കഞ്ഞിയും ചെറുപയറും ഉണ്ടാവും. പ്രാതലിന് ഇഡ്ഢലിയും ദോശയും ഉപ്പുമാവും മാറിമാറി നല്‍കും. കടലയും ഗ്രീന്‍പീസും കറിയായി നല്‍കും. ജീവനക്കാര്‍ക്കായി രുചിക്കൂട്ടൊരുക്കുന്നത് വടുതല സ്വദേശിയായ ഗോപിനാഥപിള്ളയാണ്. ശബരീശ സന്നിധിയില്‍ ദീര്‍ഘനാളത്തെ പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹം തന്റെ ജോലിയില്‍ പൂര്‍ണ തൃപ്തനാണ്. ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷമാണ് മെസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും മെസ് സ്പെഷ്യല്‍ ഓഫീസര്‍ കെ രാജേന്ദ്രന്‍ നായര്‍ പറഞ്ഞു.
