ശാസ്ത്ര സാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിലൂടെ മാത്രമേ മലയാള ഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവവിജ്ഞാനകോശം പതിനേഴാം വാല്യം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇംഗ്‌ളീഷ് പദങ്ങൾക്കെല്ലാം തമിഴിൽ സമാന പദങ്ങളുണ്ട്. അതാണ് തമിഴ് ഭാഷയുടെ വികസനത്തിന് അടിസ്ഥാനം. ബോയിലിംഗ് പോയിന്റിന് അവർ തിളനില എന്ന വാക്ക് ഉപയോഗിക്കുന്നു. അത് കേൾക്കുമ്പോൾ മലയാളിക്കും മനസിലാകും. അതേസമയം ബോയിലിംഗ് പോയിന്റിന് നാം നൽകിയിരിക്കുന്ന പദം ക്വദനാങ്കം എന്നാണ്. എളുപ്പത്തിൽ അറിയാൻ കഴിയുന്ന വാക്കുകളെ ബുദ്ധിമുട്ടുള്ള സംസ്‌കൃത വാക്കുകൾ കൊണ്ട് പകരം വയ്ക്കരുത്. ഇത്രയും നാളായിട്ടും സിഡിയ്ക്ക് മലയാളം വാക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റോബോട്ടിനും നമുക്ക് മലയാളമില്ല. തമിഴർ റോബോട്ട് എന്ന് കേട്ടാൽ യന്തിരൻ എന്ന് ഉടൻ പറയും. മനസുവച്ചാൽ നമുക്കും നല്ല മലയാള പദങ്ങൾ കണ്ടെത്താനാവും. സർവവിജ്ഞാനകോശം തയ്യാറാക്കുന്നവർ ഇക്കാര്യം മനസിൽ വയ്ക്കണം. ഭാഷ അല്ല അറിവ്. അറിവ് പകരാനുള്ള മാധ്യമമാണ് ഭാഷ. പലപ്പോഴും ഇത് മറക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിർമിതിയും വൈജ്ഞാനിക സമ്പത്തിന്റെ പ്രയോഗവും എന്ന വിഷയത്തിൽ സെമിനാർ നടന്നു.
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ. ആർ. രാജൻ അധ്യക്ഷത വഹിച്ചു. സർവവിജ്ഞാനകോശം പുതിയ വാല്യം കേരള പി. എസ്. സി അംഗം ആർ. പാർവതിദേവി മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം പ്രൊഫ. കെ. എൻ. ഗംഗാധരൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. ശശിധരൻ, അസി. എഡിറ്റർ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.