എഴുപതാമത് റിപബ്ലിക് ദിനാഘോഷ ജില്ലാതല ഒരുക്കങ്ങൾ ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. മുന്നൊരുക്കങ്ങൾ പൂർണ്ണ സജ്ജമാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. പരിപാടിയിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കും. വേദിയും പരേഡ് ഗ്രൗണ്ടും അലങ്കരിക്കും. ദിനാഘോഷത്തിന്റെ ഭാഗമായി 20 മിനിട്ട് സാംസ്‌കാരിക പരിപാടികളുണ്ടാകും. കാസർകോട്, കണ്ണൂർ ജില്ലകളിലെ തനതു കലാരൂപമായ മംഗലംകളിയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനവും ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക പരിപാടികളുടെ ചുമതല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. ജനുവരി 22 മുതൽ രാവിലെ 7.30ന് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ പരേഡ് റിഹേഴ്‌സൽ നടക്കും. റിഹേഴ്‌സലിനും റിപബ്ലിക് ദിന പരേഡിനും വിദ്യാർഥികളെ ഗ്രൗണ്ടിലേക്കും തിരിച്ചുമെത്തിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഹന സൗകര്യമൊരുക്കും. പരേഡിൽ പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണവും മിൽമയുടെ നേതൃത്വത്തിൽ പാലും വിതരണം ചെയ്യും. റിപബ്ലിക് ദിനം പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കുടുംബശ്രീ വഴി ലഘുഭക്ഷണം വിതരണം ചെയ്യും. കുടിവെള്ളം, മെഡിക്കൽ സേവനം എന്നിവ ലഭ്യമാക്കാനും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സേന ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.