തൃപ്പൂണിത്തുറ: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും അവയുടെ അന്തസത്തയും ഉൾക്കൊള്ളുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് സാക്ഷരതാമിഷൻ നയിക്കുന്ന ഭരണഘടനാ സന്ദേശയാത്രയെന്ന് എം. സ്വരാജ് എം.എൽ.എ പറഞ്ഞു. തൃപ്പൂണിത്തുറയിൽ ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഭരണഘടനാ സന്ദേശയാത്ര ഭരണഘടന പറയുന്ന മൗലികകടമകളുടെ ഭാഗമായാണെന്ന് ജാഥാ ക്യാപ്റ്റൻ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ് ശ്രീകല പറഞ്ഞു. ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഭരണഘടന സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. കേരള നവോത്ഥാന ചരിത്രത്തിൽ മാറ്റിനിർത്താൻ കഴിയാത്ത മഹാനാണ് പണ്ഡിറ്റ് കറുപ്പനെന്ന് ജാഥാക്യാപ്റ്റൻ പറഞ്ഞു. അവർണരെ മനുഷ്യരായി കരുതാതെ അവർക്ക് പൊതുനിരത്തുകൾ നിഷേധിക്കുന്ന കാലത്ത്  അതിനെതിരെ പോരാട്ടം നടത്തിയ മഹാത്മാവാണ് പണ്ഡിറ്റ് കറുപ്പൻ.

മനുഷ്യനെ മനുഷ്യനായി കാണുക എന്ന ആശയത്തിന്റെ ലിഖിത രൂപമാണ് ഇന്ത്യൻ ഭരണഘടന. നവോത്ഥാന പ്രവർത്തനങ്ങളും ഇന്ത്യൻ ഭരണഘടനയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പല ആചാരങ്ങളും എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശങ്ങൾ അനുവദിക്കുന്നതല്ല എന്നുപറഞ്ഞ ജാഥാ ക്യാപ്റ്റൻ സതിയും ഒരുകാലത്ത് ആചാരമായിരുന്നെന്ന് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പൗരൻമാരിൽ ഏറിയകൂറും ഭരണഘടനാ അവകാശങ്ങളെക്കുറിച്ച് അജ്ഞരാണ്. ഈ അജ്ഞത എല്ലാകാലത്തും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രാധാന്യം വ്യക്തമാക്കി അറിവിനെ വെളിച്ചമാക്കി സാക്ഷരതാ മിഷന്റെ പ്രവർത്തനം. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അവർ കൂട്ടിച്ചേർത്തു.

തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൻ ചന്ദ്രികാദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃപ്പൂണിത്തുറ, മരട്,  മുളന്തുരുത്തി, വടവുകോട് സാക്ഷരത വിദ്യാകേന്ദ്രങ്ങളിലെ പഠിതാക്കൾ പങ്കെടുത്തു. തുല്യതാ പഠിതാക്കളിൽ കൂടുതൽ മാർക്ക് നേടിയ  മിനി തോമസ്, ബിന്നി ടി. കെ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. സാക്ഷരതാമിഷൻ ജില്ല കോ ഓർഡിനേറ്റർ ദീപാ ജയിംസ്, തൃപ്പൂണിത്തുറ നഗരസഭ അംഗം അനിത കെ.പി, സാക്ഷരതാ സമിതി ജില്ലാകമ്മിറ്റി അംഗം ജിനു എന്നിവർ പ്രസംഗിച്ചു.