പരമ്പരാഗത മേഖലയെ സംരക്ഷിച്ച് ആധുനികവത്കരണം നടപ്പാക്കും.
കൊച്ചി: തൊഴില്‍ ലഭ്യതയും ഉത്പന്ന വൈവിധ്യവത്കരണവും ഉറപ്പാക്കി കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കാനും കയര്‍ ഉത്പന്ന വിപണി വിപുലപ്പെടുത്താനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍ഭൂവസ്ത്ര വിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കേക്കര മൂത്തകുന്നം ബാങ്ക് ഓഫ് ഇന്ത്യ മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാലാനുസൃതമായ സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ കഴിയാതെ വന്നതോടെയാണ് നമ്മുടെ നാട്ടിലെ കയര്‍ വ്യവസായം ക്ഷയിക്കാന്‍ തുടങ്ങിയത്. ആധുനികവത്കരണം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്‍ മുന്നിലെത്തുകയും ചെയ്തു. കയര്‍ രംഗത്തെ നവീകരണവും ഉത്പന്ന വൈവിധ്യവത്കരണവും കണ്ടില്ലെന്നു നടിക്കാനാകില്ല. കാലാനുസൃതമായ യന്ത്രവത്കരണവും നവീകരണവും കൊണ്ടു മാത്രമേ കയര്‍ വിപണി സുരക്ഷിതമാക്കാന്‍ കഴിയൂ. അതോടൊപ്പം പരമ്പരാഗതമായി കയര്‍ രംഗത്തുള്ളവരുടെ ആശങ്ക അകറ്റുന്നതിന് കൂടുതല്‍ സഹായം നല്‍കുകയും ചെയ്യും. പുതുതലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. പരമ്പരാഗത റാട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് റാട്ടുകളിലേക്ക് മാറുന്ന പ്രക്രിയ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കും. കയര്‍ വ്യവസായത്തിന്റെ സമഗ്ര പുനസംഘടനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യന്ത്രവത്കരണത്തിലൂടെ നവീനമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനാകും. പരമ്പരാഗത മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കയറും കയര്‍ ഉത്പന്നങ്ങളും പൊതുമേഖല സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ സംഭരിക്കും. പരമ്പരാഗത മേഖലയിലെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതോടൊപ്പം ആധുനികവത്കരണവും നടപ്പാക്കും. കാലാനുസൃതമായ മാറ്റങ്ങള്‍ പരമ്പരാഗത വ്യവസായത്തിനും ബാധകമാണ്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മണ്ണ്, ജല സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്നത് കയര്‍ വ്യവസായത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കയര്‍ഭൂവസ്ത്രം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മണ്ണൊലിപ്പിന് സാധ്യതയുളളിടത്തെല്ലാം ഭൂവസ്ത്രം ഉപയോഗിക്കാം. ഹൈഡ്രോളിക് നിര്‍മ്മാണ രംഗം, മണ്ണ് ഉറപ്പിക്കല്‍, ജലസംഭരണികളുടെ നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളില്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്. കൃഷിക്ക് യോജിക്കാത്ത മണ്ണിനേപ്പോലും കൃഷി യോഗ്യമാക്കാന്‍ ഭൂവസ്ത്ര വിതാനത്തിലൂടെ സാധിക്കുന്നു. പരിസ്ഥിതി സൗഹൃദപരമായ ജലസംരക്ഷണ, ഭൂസംരക്ഷണ മാര്‍ഗമാണിത്. പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴ രണ്ടര മണിക്കൂര്‍ കൊണ്ട് കടലിലേക്ക് ഒഴുകിപ്പോകുന്നു. കുന്നിന്‍ പ്രദേശത്തെ 80120 ടണ്‍ വരെ മേല്‍മണ്ണും ഒഴുകിപ്പോകുന്നു. ഇത്തരത്തില്‍ മണ്ണും ജലവും നഷ്ടപ്പെടുന്നത് തടയാന്‍ ഭൂവസ്ത്രങ്ങള്‍ വഴി സാധിക്കും. ഭൂസംരക്ഷണത്തിനുള്ള ദീര്‍ഘകാല പ്രതിവിധിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമുക്കാവശ്യമുള്ള ചകിരി ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കയര്‍ ഭൂവസ്ത്രം വിതാനിക്കുന്നതോടൊപ്പം തന്നെ പുല്ലു നടുകയും മണല്‍ത്തിട്ടകളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 120 കോടി രൂപയുടെ ഓര്‍ഡര്‍ കയര്‍ഫെഡിന് ലഭിച്ചതായും മന്ത്രി അറിയിച്ചു.
കയര്‍ മെഷിനറികളുടെ വിതരണ ഉദ്ഘാടനം മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിച്ചു. അഡ്വ. വി.ഡി. സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എസ്. ശര്‍മ്മ എംഎല്‍എ തൊഴിലുറപ്പ് വിഭാഗത്തെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം പി.എസ്. ഷൈല, വടക്കേക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹോച്ച്മിന്‍ എന്‍.സി., വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അബ്രോസ്, കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍, സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സൈബ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു