പൗരകേന്ദ്രീകൃത സേവനം ഉറപ്പുവരുത്താന്‍ എല്ലാ ഓഫീസുകളിലും സഹായകേന്ദ്രങ്ങള്‍ വേണം, ഇ ഗവേണന്‍സ് സംവിധാനം ഫലപ്രദമാക്കണം, അപേക്ഷകന്‍ ഒരു കാര്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണം, പൗരന്റെ അടിസ്ഥാനവിവരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുണ്ടാക്കുകയും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പ്രധാനരേഖയായി കാണുകയും വേണം, ഭാഷന്യൂനപക്ഷമേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകണം, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം, മംഗലാപുരത്തെ ആശുപത്രികളില്‍ നിന്നുലഭിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ക്ക് അംഗീകരിക്കാത്തതിനുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍…കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ പബ്ലിക്ക് ഹിയങ്ങില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങളാണ് ഇവ.
മുന്‍ ചീഫ് സെക്രട്ടറിമാരും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അംഗങ്ങളുമായ സി.പി നായര്‍, നീലാ ഗംഗാധരന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഷീല തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്റെ പബ്ലിക്ക് ഹിയറിങ്ങ് നടത്തിയത്. ഈ കമ്മീഷന്‍ നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നടക്കുന്ന നാലാമത്തെ ഹിയറിങ്ങാണ് കാസര്‍കോട് ജില്ലയില്‍ നടത്തിയത്. തിരുവനന്തപുരം, ആലപ്പുഴ,മലപ്പുറം എന്നിവിടങ്ങിലാണ് മുമ്പ് ഹിയറിംഗ് നടത്തിയിട്ടുള്ളത്.
വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളെ കാര്യക്ഷമമാക്കണമെന്നും ആനുകൂല്യവിതരണം സമയബന്ധിതമാക്കണമെന്നും കമ്മീഷനോട് വിവിധ യൂണിയന്‍ പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ നാലിരട്ടിയോളം വര്‍ധിച്ചിട്ടും ഓഫീസുകളുടെയും ജീവനക്കാരുടേയും എണ്ണത്തില്‍ വര്‍ധനയില്ലാത്തത് ഈ മേഖലയിലെ ക്ഷേമ പദ്ധതികളെ ബാധിക്കുന്നുവെന്നും പരാതി ഉന്നയിക്കപ്പെട്ടു. ഉദ്യോഗസ്ഥ മേധാവിത്വവും ഉദ്യോഗസ്ഥരുടെ നിലപാടുകളും സാങ്കേതികത്വവും ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങളേയും ജനങ്ങളുടെ ക്ഷേമ പദ്ധതികളേയും സാരമായി ബാധിക്കുന്നുണ്ടെന്ന് എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമുണ്ടാകണമെന്നും ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കുന്നതിന് കമ്മീഷന്‍ ഇടപെടണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അഭ്യര്‍ത്ഥിച്ചു. ഉദ്യോഗസ്ഥര്‍ സാങ്കേതികത്വം ഉന്നയിച്ച് തടസവാദങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളിലേക്ക് അര്‍ഹമായ രീതിയില്‍ എത്തുന്നില്ലെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉന്നയിച്ചു. കമ്മീഷന്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, കൃഷിവകുപ്പ് തുടങ്ങി ജനങ്ങള്‍ ദിവസവും ബന്ധപ്പെടുന്ന ഓഫീസുകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നും സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌ക്കരണമെന്നും നിര്‍ദേശമുണ്ടായി. മറ്റു ജില്ലകളില്‍ നിന്നുവരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലയില്‍ കൂടുതല്‍ താമസസൗകര്യമുണ്ടാകണമെന്നും കമ്മീഷനുമുന്നില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു. കെട്ടിട നിര്‍മ്മാണം പോലുള്ള കാര്യങ്ങളില്‍ ഒരു ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ അവിടെ നിന്നുംതന്നെ അപേക്ഷന് ആവശ്യമായ സേവനങ്ങള്‍ ലഭിക്കണം. പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്ക് കളക്ടറേറ്റില്‍ എത്തുന്ന മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവരെ അവര്‍ക്ക് പോകേണ്ട ഓഫീസുകളില്‍ എത്തിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നുതന്നെ സഹായിയെ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ടായി. മാത്രമല്ല കൂടുതല്‍ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഓഫീസുകള്‍ താഴത്തെ നിലകളിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ടായി. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ മോണിട്ടറിംഗ് കൃത്യമായി നടത്തുന്നതിന് സംവിധാനം വേണമെന്ന് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പല ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലനം ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജീവക്കാരുടെ ഇടയില്‍ നിന്നും പരാതികളുണ്ടായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയ നടക്കുന്നില്ലെന്നും പരാതികളുണ്ടായി. മനുഷ്യകേന്ദ്രീകരണത്തേക്കാള്‍ പ്രകൃതി കേന്ദ്രീകരിച്ചുള്ള വികസനങ്ങള്‍ വേണമെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും നിര്‍ദേശമുണ്ടായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നു ആവശ്യമില്ലാത്ത നിരവധി സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേക്ക് വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കേണ്ടെന്ന് ഉത്തരവായിട്ടും അവ പാലിക്കപ്പെടുന്നില്ലെന്നും വോയ്‌സ് ഓഫ് റവന്യു അംഗം പറഞ്ഞു. അപേക്ഷകന്റെ വരുമാനം അന്വേഷിക്കാനും കണക്കാക്കാനുമുള്ള ജീവനക്കാരും സൗകര്യങ്ങളും ഉണ്ടായിട്ടും സാധാരണക്കാര്‍ ഇവ ഹാജരാക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ടെന്നും വിധവ, പുനര്‍വിവാഹിതരല്ല എന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതിന് പുറമെ മരണം തുടങ്ങിയ കാര്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും രേഖകള്‍ സൂക്ഷിക്കുന്നതും ഇത്തരം ഓഫീസുകളുണ്ടായിട്ടുപോലും പാവപ്പെട്ടവരെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി വില്ലേജ് ഓഫീസിലേക്ക് പറഞ്ഞ് വിടുന്നത് ഒഴിവാക്കാവുന്നതാണെന്നും കമ്മീഷനില്‍ പരാതി ഉന്നയിക്കപ്പെട്ടു.
ചെങ്ങറ പുനരധിവാസ ഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയത്തിന് നികുതി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ ഒരു മാസത്തിനകം പരിഹാരം ഉണ്ടാക്കുമെന്ന് ജില്ലാ കളക്ടര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ ഉറപ്പു നല്‍കി.
ജില്ലയില്‍ ഉന്നയിക്കപ്പെട്ട പല പ്രശ്‌നങ്ങളും കമ്മീഷന്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച് ആവശ്യമായ ശുപാര്‍ശികള്‍ സര്‍ക്കാരിന് നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, അഡീഷണല്‍ സെക്രട്ടി സി.ജി സുരേഷ്‌കുമാര്‍, എഡിഎം:എന്‍ ദേവീദാസ്, കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.