സമകാലിക ചലച്ചിത്രനിരൂപണരംഗത്തിന്റെ നേർക്കാഴ്ചയായി ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പൺ ഫോറം. ‘ചലച്ചിത്ര നിരൂപണം – പ്രിന്റ്, വിഷ്വൽ മീഡിയകളിൽ’ എന്ന വിഷയത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന ചർച്ചയിൽ മുതിർന്ന നിരൂപകനായ പ്രദീപ് വിശ്വാസിനൊപ്പം പുതുതലമുറ നിരൂപകരും പങ്കെടുത്തു. ജി.പി രാമചന്ദ്രനാണ് മോഡറേറ്ററായിരുന്നു.
നല്ല ചലച്ചിത്ര നിരൂപകനാകാൻ അഗാധമായ വായന ആവശ്യമാണെന്ന് ചർച്ചയിൽ പ്രദീപ് വിശ്വാസ് പറഞ്ഞു. സിനിമയുമായി ഇഴുകിച്ചേരുമ്പോൾ മാത്രമേ മികച്ച നിരൂപണം തയ്യാറാക്കാൻ കഴിയൂ. നിരൂപണം എഴുതുന്നതിനു മുൻപ് സിനിമയെക്കുറിച്ച് പഠിക്കണം. യൂറോപ്യൻ രാജ്യങ്ങളിൽ മൂന്നോ നാലോ തവണ സിനിമ കണ്ടാണ് നിരൂപണങ്ങൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ മാറ്റങ്ങൾ നിരൂപണത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് യുവനിരൂപകൻ നിസാം അസഫ് അഭിപ്രായപ്പെട്ടു. മൊബൈലിലും ലാപ്ടോപ്പിലും സിനിമകാണുമ്പോൾ അത് കൂടുതൽ വ്യക്തിപരമാവുന്നു. എന്നാൽ ചലച്ചിത്രമേളകൾ കൂട്ടായ്മയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ നിരൂപണത്തിന്റെ തുടർച്ചതന്നെയാണ് സിനിമാ നിരൂപണമെന്ന് യുവനിരൂപകൻ ഹരിനാരായണൻ പറഞ്ഞു. നിരൂപണങ്ങൾ വിമർശനങ്ങളിൽ മാത്രം ഒതുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ തന്നെ നിരൂപകരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്ന് സംഗീത ചേന്നംപുള്ളി പറഞ്ഞു. ഡിജിറ്റൽ കാലം നിരൂപണത്തിനുള്ള സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീകൾ നിരൂപണ രംഗത്തേക്ക് കൂടുതലായി എത്തുന്നു. എന്നാൽ നിരൂപകരായ സ്ത്രീകൾക്ക് ഒട്ടേറെ തിരിച്ചടികൾ നേരിടേണ്ടിവരുന്നുവെന്നും സമീപകാല ഉദാഹരണങ്ങളെ സൂചിപ്പിച്ച് അവർ പറഞ്ഞു.
നിരൂപണത്തിലെ കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പറ്റിയാണ് നിരൂപകനായ ജിതിൻ കെ.സി സംസാരിച്ചത്. സിനിമ രംഗത്തെ പ്രശ്നങ്ങളുടെ അത്രതന്നെ പ്രശ്നങ്ങൾ നിരൂപണ മേഖലയിലും ഉണ്ട്. സിനിമ ജനകീയമാകുന്നതിനനുസരിച്ച് ജനകീയ നിരൂപണങ്ങളും വർധിക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസിന്റെ ക്രിയാത്മകമായ ഇടപെടലുകൾ ഓപ്പൺ ഫോറത്തെ സമ്പന്നമാക്കി.