ചൈനയുടെ പൊതുധാരയിൽ നിന്ന് കുതറിമാറി തങ്ങളുടേതായ ഇടം തേടുകയാണ് ഇന്ന് ഹോങ് കോങ് സിനിമ. 20 വർഷങ്ങൾക്ക് മുൻപാണ് ചൈനയുടെ സ്വയംഭരണ പ്രദേശമായി ഹോങ് കോങ് മാറിയത്. ശക്തവും വലുതുമായ ചൈനീസ് സിനിമ ഹോങ് കോങ് സിനിമയെയും സ്വാധീനിച്ചു. ഹോങ് കോങ് സിനിമയുടെ സമകാലിക അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഇന്നലെ നിള തീയേറ്ററിൽ നടന്ന പാനൽ ചർച്ച.

പത്രപ്രവർത്തകയായ വിവിയെൻ ചോ, ഏഷ്യൻ ഫിലിം അവാർഡ്‌സ് അക്കാദമിയിൽ നിന്നും ജാക്വലിൻ ടോങ്, ഏഷ്യൻ സിനിരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഹാപ്പിനെസ്സിന്റെ സംവിധായകൻ ലോ യു ഫായ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 20 വർഷങ്ങൾക്കിടയിൽ ചൈന നേടിയ വളർച്ച ഹോങ് കോങ് സിനിമയെ പ്രതികൂലമായാണ് ബാധിച്ചത്. ചെറിയ ചിത്രങ്ങൾക്ക് പ്രേക്ഷകരെയോ നിർമ്മാതാക്കളെയോ കണ്ടെത്തുക ദുഷ്‌കരമായി. ഹോങ്കോങിന്റെ സാമൂഹിക സാംസ്‌കാരിക ചിഹ്നങ്ങൾ സിനിമയിൽ ആവിഷ്‌കരിക്കുവാനുള്ള സാധ്യതകളിലും ഇടിവുണ്ടായി. ചൈനീസ് വിപണിയെ കൂടി മനസ്സിലാക്കി നടത്തിയ പരീക്ഷണങ്ങൾ ഇരുവശത്തെയും ജനങ്ങൾ സ്വീകരിച്ചതുമില്ല.

എന്നാൽ 2014 ൽ നടന്ന പ്രതിരോധ സമരങ്ങൾക്ക് ശേഷം ആശാവഹമായ മാറ്റമാണ് ഹോങ് കോങ് സിനിമയിൽ നടക്കുന്നതെന്ന് വിവിയെൻ ചോ നിരീക്ഷിച്ചു. ഹോങ് കോങ് ന്റെ യാഥാർഥ്യങ്ങളും ജീവിതങ്ങളും സമകാലിക സിനിമയ്ക്ക് വിഷയമാകുന്നുണ്ട്. അപകടകരമായ അവസ്ഥകളിൽ നിന്നാണ് അതിമനോഹരമായ അവസരങ്ങൾ ഉണ്ടാകുന്നതെന്ന് ആയിരുന്നു ജാക്വലിൻ ടോങ്ന്റെ അഭിപ്രായം. അനുഭവങ്ങളുടെയും സാഹചര്യങ്ങളുടെയും വെളിച്ചത്തിൽ പുതിയ സാധ്യതകൾ തേടുകയാണ് താനടക്കമുള്ള സംവിധായകർ സ്വീകരിക്കുന്ന രീതിയെന്ന് ലോ യു ഫായ് വ്യക്തമാക്കി. ബോളിവുഡ് സിനിമകൾ പ്രാദേശിക സിനിമകൾക്കുയർത്തുന്ന വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച ബീന പോൾ സാഹചര്യങ്ങളിലെ സമാനതകൾ ചൂണ്ടിക്കാണിച്ചു. ചെറുതും തനതുമായ വിഷയങ്ങളിൽ ചെയ്യുന്ന ചിലവുകുറഞ്ഞ ചെറിയ സിനിമകളാണ് ഈ പ്രതിസന്ധികൾക്ക് പരിഹാരമെന്നായിരുന്നു പാനലിന്റെ പൊതു അഭിപ്രായം.

ഹോങ് കോങ് സിനിമയിലുണ്ടാകുന്ന ഉണർവിന്റെയും ഇടത്തിനും സ്വത്വത്തിനുമായുള്ള പോരാട്ടത്തിന്റെയും ഉദാഹരണമാകുകയാണ് മേളയിലെ ഏഷ്യൻ സിനിരമ വിഭാഗം. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആറിൽ മൂന്ന് ചിത്രങ്ങളും ഹോങ് കോങിൽ നിന്നാണ്. ഏഷ്യൻ പ്രാദേശിക സിനിമകൾക്ക് കൂടുതൽ വേദികൾ എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഫിലിം അവാർഡ്‌സ് അക്കാദമിയാണ് ചിത്രങ്ങളെ മേളയിലെത്തിച്ചത.്